+

ചാലാക്ക എസ്എന്‍ഐഎംഎസ് കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയുടെ അപകടം സുഹൃത്തുക്കളുമൊത്തു കളിക്കുന്നതിനിടെ

സംഭവത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പോലീസ് പരിശോധിക്കുന്നു.

പറവൂര്‍ ചാലാക്ക എസ്എന്‍ഐഎംഎസ് കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി ഫാത്തിമത്ത് ഷഹാനയുടെ അപകടം സുഹൃത്തുക്കളുമൊത്തു കളിക്കുന്നതിനിടെയെന്ന് പൊലീസ്. ഹോസ്റ്റലിനുള്ളിലെ വരാന്തയിലെ കൈവരിയില്‍ നിന്ന് അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. തീപിടുത്തം പ്രതിരോധിക്കാന്‍ സ്ഥാപിച്ച ജിപ്‌സം ബോര്‍ഡ് തകര്‍ത്താണ് കുട്ടി താഴേക്ക് വീണത്.

സംഭവത്തില്‍ സുരക്ഷ വീഴ്ച ഉണ്ടായോ എന്ന് പോലീസ് പരിശോധിക്കുന്നു.
ഇന്നലെ രാത്രി 11 മണിയോടെയാണ് ഹോസ്റ്റലിലെ അഞ്ചാം നിലയിലെ മുറിയില്‍ താമസിക്കുന്ന ഫാത്തിമത്ത് ഷഹാന കൂട്ടുകാരിയുമായി ഏഴാം നിലയിലെത്തിയത്. കോറിഡോറിലെ കൈവരിക്ക് മുകളില്‍ ഇരുന്ന് സുഹൃത്തിനൊപ്പം ഫോണില്‍ കളിച്ചും സംസാരിച്ചും നിന്ന വിദ്യാര്‍ത്ഥി അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

കൂടെയുണ്ടായിരുന്ന സുഹൃത്ത് ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോള്‍ തീപ്പിടുത്തം പ്രതിരോധിക്കാനുള്ള ഫയര്‍ എക്‌സിറ്റ്ഗ്യുഷര്‍ മറച്ചിരുന്ന ജിപ്‌സം ബോര്‍ഡ് തകര്‍ന്ന് ഫാത്തിമത്ത് താഴേയ്ക്ക് വീഴുന്നതാണ് കണ്ടത്. എന്നാല്‍ എന്തിനു വേണ്ടിയാണ് നെഞ്ചൊപ്പം ഉയരമുള്ള കൈവരിയില്‍ വിദ്യാര്‍ത്ഥി കയറി ഇരുന്നത്, ഫോണോ മറ്റെന്തെങ്കിലും വസ്തുക്കളോ ഈ വിടവിലൂടെ വീണപ്പോള്‍ എടുക്കാനായി ചാടി ഇറങ്ങിയതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കൈവരിക്ക് മുകളില്‍ ഇരുന്നു ഫോണ്‍ ചെയ്തപ്പോള്‍ അപ്രതീക്ഷിതമായി താഴെ വീഴുക ആയിരുന്നു എന്ന് കോളേജ് മാനേജ്‌മെന്റ് വാര്‍ത്താ കുറിപ്പിലൂടെ വിശദീകരിക്കുമ്പോള്‍ കോറിഡോറിനും ചുമരിനും ഇടയിലുള്ള വിടവിലൂടെ അബദ്ധത്തില്‍ വിദ്യാര്‍ഥി താഴേക്കു വീണെന്നാണ് പൊലീസ് എഫ് ഐ ആര്‍. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിയാണ് മരിച്ച ഫാത്തിമത്ത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

facebook twitter