ഉത്തർപ്രദേശിലെ മെയിൻപുരിയില്‍ ജി.ടി. റോഡ് ഹൈവേയില്‍ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേർ മരണപ്പെടുകയും ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തു.
അപകടത്തില്‍ ദീപക് (36), ഭാര്യ പൂജ (34), മകള്‍ ആഷി (9), ദീപക്കിന്റെ സഹോദരി സുജാത (35), സുജാതയുടെ മകള്‍ ആര്യ (4) എന്നിവരാണ് മരിച്ചത്. ദീപക്കിന്റെ മറ്റൊരു മകള്‍ ആരാധ്യ (11) ഗുരുതര പരുക്കുകളോടെ സൈഫായ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ദീപക്കിന്റെ ഇളയ സഹോദരന്റെ മകളുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാൻ ആഗ്രയില്‍ പോയി മടങ്ങുന്നതിനിടെയാണ് ഈ അപകടം സംഭവിച്ചത്.
ബെവാർ പൊലിസ് സ്റ്റേഷൻ പരിധിയിലെ നാഗ്ല താല്‍ ഗ്രാമത്തിന് സമീപം മഴയെത്തുടർന്ന് ഹൈവേയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഈ വെള്ളക്കെട്ടിലൂടെ കടന്നുപോയ ഒരു ട്രക്കിന്റെ ചക്രം കുഴിയില്‍ വീണപ്പോള്‍ വെള്ളം തെറിച്ച് ദീപക്കിന്റെ കാറിന്റെ മുൻ ഗ്ലാസ്സില്‍ പതിച്ചു. ഇതോടെ കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡർ മറികടന്ന് എതിർവശത്തെ ലെയ്നിലേക്ക് നീങ്ങി. അവിടെ ഗർഡറുകള്‍ വഹിച്ചു കൊണ്ടുപോയ ഒരു ട്രോളിയുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു.