നടിയുടെ വാക്കുകള്‍ വേദനിപ്പിച്ചു ; സിമ്രാന്‍ പറഞ്ഞത് ജ്യോതികയെ കുറിച്ച് ?

07:57 AM Apr 21, 2025 | Suchithra Sivadas

ഒരു സഹപ്രവര്‍ത്തകയായ നടിയില്‍ നിന്നുണ്ടായ ഒരു മോശം പ്രസ്താവനയെ പുരസ്‌കാരനിശയില്‍ പരസ്യമായി വിമര്‍ശിച്ച് നടി സിമ്രാന്‍. JFW അവാര്‍ഡ് നിശയില്‍ അന്തകന്‍ എന്ന ചിത്രത്തിലെ വേഷത്തിന് പുരസ്‌കാരം സ്വീകരിച്ച വേളയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു സഹപ്രവര്‍ത്തകയായ നടിക്ക് അവരുടെ പ്രകടനത്തെ അഭിനന്ദിച്ച് 'താങ്കളെ ആ വേഷത്തില്‍ പ്രതീക്ഷിച്ചില്ല' എന്ന് മെസേജ് ചെയ്തപ്പോള്‍, അവര്‍ മറുപടി പറഞ്ഞത് 'ആന്റി വേഷം ചെയ്യുന്നതിലും നല്ലത് ഇതാണെന്ന് അവര്‍ പറഞ്ഞുവെന്ന് സിമ്രാന്‍ പറഞ്ഞു.

'അത്രക്കും മര്യാദയില്ലാത്ത ഒരു മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നെയില്ലായിരുന്നു, ഒരു പ്രസ്‌കതിയും ഇല്ലാത്ത 'ഡബ്ബാ' റോളുകള്‍ ചെയ്യുന്നതിലും, റോളേ ഇല്ലാതിരിക്കുന്നതിലും എത്രയോ നല്ലതാണ്, എന്തെങ്കിലും അര്‍ത്ഥമുള്ളൊരു ആന്റി റോളോ 'അമ്മ വേഷമോ ചെയ്യുന്നത്. അവരുടെ ആ വര്‍ത്തമാനം എന്നെ വല്ലാതെ വേദനിപ്പിച്ചു, ഞാനത് അര്‍ഹിക്കുന്നേയില്ല, ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അതൊറ്റയ്ക്ക് നേടിയെടുത്തതാണ്'' സിമ്രാന്‍ പറയുന്നു.

എന്നാല്‍ സിമ്രാന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ച 'ഡബ്ബ' റോള്‍ എന്ന വാക്കില്‍ പിടിച്ചുകൊണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത് സിമ്രാന്‍ ഉദ്ദേശിച്ചത് ജ്യോതികയെ ഉദ്ദേശിച്ചാണെന്നാണ്. ജ്യോതിക അടുത്തിടെ ഹിന്ദിയില്‍ അഭിനയിച്ച 'ഡബ്ബാ കാര്‍ട്ടല്‍' എന്ന സീരീസ് ഉദ്ദേശിച്ചാണ് സിമ്രാന്‍ പ്രസംഗത്തില്‍ അങ്ങനെയൊരു വാക്കുപയോഗിച്ചതത്രേ. എന്നാല്‍ സിമ്രാന്‍ ആരെയാണ് ഉദ്ദേശിച്ചതെന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.