ചരിത്രം കുറിച്ച ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയെത്തൊട്ടു. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്തായിരുന്നു സ്പ്ലാഷ്ഡൗണ്‍. സഞ്ചാരികളെല്ലാം സുരക്ഷിതരായി തിരിച്ചെത്തി. ഇതോടെ ആക്സിയം 4 ദൗത്യം വിജയകരമായി പൂര്‍ത്തിയായി.
സര്‍ക്കാര്‍ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂര്‍ത്തിയായത്. അമേരിക്ക ആസ്ഥാനമായുള്ള ആക്സിയം സ്പേസും സ്പേസ് എക്സും ഐഎസ്ആര്‍ഒയും നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും ചേര്‍ന്നുള്ള സംയുക്ത ദൗത്യമാണിത്. കഴിഞ്ഞ ജൂണ്‍ 25ന് ആണ് കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് നാലംഗ സംഘം ഉള്‍ക്കൊള്ളുന്ന ഡ്രാഗണ്‍ പേടകത്തെയും വഹിച്ച് സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് കുതിച്ചുയര്‍ന്നത്.
ജൂണ്‍ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാള്‍ നാല് ദിവസം അധികം നിലയത്തില്‍ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്.31 രാജ്യങ്ങൾ നിർദേശിച്ച അറുപത് പരീക്ഷണങ്ങളാണ് സംഘം ബഹിരാകാശ നിലയത്തിൽ നടത്തിയത്. പരീക്ഷണങ്ങളുടെ ഫലങ്ങൾ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾക്ക് പുതിയ ദിശാസൂചിക സമ്മാനിക്കും.
ഐഎസ്ആർഒ നിർദേശിച്ച ഏഴ് പരീക്ഷണങ്ങളാണ് ശുഭാംശു പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തിൽ ശുഭാംശു മുളപ്പിച്ച വിത്തുകൾ ഭൂമിയിലെത്തിച്ച് തുടർ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തും. സയനോബാക്ടീരയകൾ, മൂലകോശങ്ങൾ ,സൂക്ഷ്മ ആൽഗകൾ എന്നിവയിൽ നടത്തിയ പരീക്ഷണങ്ങളും അതിപ്രധാനമാണ്.