മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കിയ മുത്തോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ജിസ്‌മോള്‍, മക്കളായ നേഹ, നോറ എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. ജിസ്‌മോളുടെ സ്വന്തം നാടായ പാലായില്‍ ആണ് മൂവരുടെയും സംസ്‌കാരം നടക്കുക. പടിഞ്ഞാറ്റിങ്കര പൂവത്തുങ്കലില്‍ ചെറുകര സെന്റ് മേരീസ് ക്‌നാനായ പള്ളി സെമിത്തേരിയില്‍ വൈകിട്ട് മൂന്നരയോട് കൂടിയാണ് സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. രാവിലെ 9 മണിയോട് കൂടി ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഭര്‍ത്താവ് ജിമ്മിയുടെ ഇടവകയായ നീറിക്കാട് ലൂര്‍ദ് മാതാ പള്ളി ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. എന്നാല്‍ ജിമ്മിയുടെ വീട്ടില്‍ ജിസ്‌മോളുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കൊണ്ടുപോകില്ല.
ഭര്‍തൃവീട്ടില്‍ നേരിട്ട മാനസിക പീഡനത്തെത്തുടര്‍ന്നാണ് ജിസ്‌മോളും മക്കളും ജീവനൊടുക്കിയതെന്നാണ് ജിസ്‌മോളുടെ കുടുംബം ആരോപിക്കുന്നത്. ജിസ്‌മോളുടെയും പെണ്‍മക്കളുടെയും മൃതദേഹം നിലവില്‍ പാലായിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിമ്മിയുടെ ഇടവക പള്ളിയില്‍ സംസ്‌കാരം നടത്തേണ്ടെന്ന് ജിസ്‌മോളുടെ കുടുംബം തീരുമാനിച്ചിരുന്നു. എന്നാല്‍ ക്‌നാനായ സഭ നിയമ പ്രകാരം ഭര്‍ത്താവിന്റെ ഇടവകയില്‍ തന്നെ സംസ്‌കാരം നടത്തണമെന്നാണ്. തുടര്‍ന്ന് സഭാ തലത്തില്‍ രണ്ട് ദിവസം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ജിസ്‌മോളുടെ സ്വന്തം നാട്ടില്‍ തന്നെ സംസ്‌കാരം നടത്താന്‍ തീരുമാനമായത്.
ജിസ്‌മോളുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി.