ഖുര്‍ആന്‍ കത്തിച്ച സംഭവം ; ബെലഗാവിയില്‍ വീണ്ടും പ്രതിഷേധം

06:26 PM May 16, 2025 | Suchithra Sivadas

ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ ബെംഗളൂരു  ബെലഗാവിയില്‍ വീണ്ടും പ്രതിഷേധം. മുസ്ലിം ജനവിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതികളെ മൂന്നു ദിവസം കൊണ്ട് പിടികൂടുമെന്ന ഉറപ്പ് പൊലീസ് പാലിക്കാതായതോടെയാണ് പ്രതിഷേധം. ബെലഗാവി റാണി ചന്നമ്മ സര്‍ക്കിള്‍ വളഞ്ഞാണ് പ്രതിഷേധം നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് 2000 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

ബെലഗവി ജില്ലയിലെ ബസ്താവാഡ് ഗ്രാമത്തിലായിരുന്നു മെയ് 12ന് ഖുര്‍ആന്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിയിലെത്തിയ വിശ്വാസികളാണ് ഖുര്‍ആനും പ്രാര്‍ത്ഥനാ പുസ്തകങ്ങളും ഷെല്‍ഫില്‍ കാണുന്നില്ലെന്ന് മനസിലാക്കിയത്. പിന്നീട് സമീപത്തെ പറമ്പില്‍ ഇവ പകുതി കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ നേരത്തെയും ബെലഗവിയില്‍ പ്രതിഷേധമുണ്ടായിരുന്നു. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ബെലഗവി പൊലീസ് കമ്മീഷണര്‍ ഇയാഡ മാര്‍ട്ടിന്‍ മാര്‍ബനിയങ്ങും ഡെപ്യൂട്ടി കമ്മീഷണറായ രോഹന്‍ ജഗദീഷും പ്രതിഷേധക്കാരെ കാണുകയും നിയമനടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അഞ്ച് അംഗങ്ങളടങ്ങുന്ന ടീമിനെയും അന്വേഷണത്തിന് വേണ്ടി രൂപീകരിച്ചിരുന്നു