
എറണാകുളം കോതമംഗലത്ത് ആണ് സുഹൃത്തിനെ യുവതി വിഷം കൊടുത്ത് കൊന്ന കേസില്‍ പൊലീസ് അന്വേഷണം തുടരുന്നു. ലായനിയില്‍ വിഷം കൊടുത്ത് കൊന്നു എന്ന് മാത്രമാണ് പ്രതിയായ ചേലാട് സ്വദേശിനി അദീന പൊലീസിന് മൊഴി നല്‍കിയത്. എന്ത് ലായനി എന്ന് വ്യക്തമാക്കിയിട്ടില്ല.
യുവതിയുടെ ചെമ്മീന്‍ കുത്തിലുള്ള വീട്ടില്‍ പൊലീസ് ഇന്ന് വിശദമായ പരിശോധന നടത്തും. യുവതിയുടെയും കൊല്ലപ്പെട്ട അന്‍സിലിന്റെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. വിഷം വാങ്ങിയതിന്റെയും വീട്ടില്‍ സൂക്ഷിച്ചതിന്റെയും തെളിവുകള്‍ നേരത്തെ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കൊലപാതകക്കുറ്റം ചുമത്തിയ അദീനയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്ത് കാക്കാനാട് ജയിലിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച്ച പ്രതിക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് പൊലീസിന്റെ നീക്കം.