ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റെടുത്തശേഷം രാജ്യമെങ്ങുമുള്ള ശതകോടീശ്വരന്മാരുടെ 16.35 ലക്ഷം കോടി രൂപയുടെ കടമാണ് സര്‍ക്കാരും ബാങ്കുകളും ചേര്‍ന്ന് എഴുതിത്തള്ളിയത്.
2018-19 സാമ്പത്തിക വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ എഴുതിത്തള്ളല്‍ സംഭവിച്ചത്, 2,36,265 കോടി രൂപ. ഏറ്റവും കുറവ് 2014-15 സാമ്പത്തിക വര്‍ഷത്തിലാണ്, 58,786 കോടി രൂപ. എല്ലാ സാമ്പത്തിക വര്‍ഷവും വന്‍ തുക ഈ രീതിയില്‍ എഴുതിത്തള്ളി.
വമ്പന്മാരുടെ ലക്ഷം കോടികള്‍ എഴുതിത്തള്ളുമ്പോഴും വയനാട്ടിലെ ദുരന്ത ബാധിതരായ പാവപ്പെട്ടവരുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുറംതിരിഞ്ഞ് നില്‍ക്കുകയാണ്. ഹൈക്കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങിയിട്ടും സര്‍ക്കാര്‍ അനങ്ങുന്നമട്ടില്ല.
കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ദുരന്ത ബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളാവുന്നതാണ്. സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു രൂപ പോലും സഹായം നല്‍കിയില്ലെന്നു മാത്രമല്ല വായ്പ എഴുതിത്തള്ളാനും കേന്ദ്ര സര്‍ക്കാരിന് താത്പര്യമില്ല.
മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതരുടെ പ്രശ്‌നം ഉടനടി പരിഹരിക്കണമെന്ന ഹൈക്കോടതിയുടെയും സംസ്ഥാനത്തിന്റേയും ആവശ്യം കേന്ദ്രം ചെവിക്കൊള്ളാത്തത് സംസ്ഥാനത്തെ ജനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയാണെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ദുരന്തബാധിതരുടെ കടം എഴുതിത്തള്ളാനല്ല മോറട്ടോറിയം പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടതെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, എസ്എല്‍ബിസി യോഗത്തിന്റെ മിനിട്സും തുടര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനവും മുഖ്യമന്ത്രി എന്താണ് ആവശ്യപ്പെട്ടതെന്നതിന് തെളിവായി. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്ന കേന്ദ്രനിലപാട് അംഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി മുന്‍പും പറഞ്ഞിട്ടുണ്ടെങ്കിലും കേന്ദ്രം സമീപനം മാറ്റുന്നില്ല.
ആന്ധ്ര-തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് ചെറിയ ദുരന്തങ്ങളുടെപേരില്‍ ദേശീയ ദുരന്ത നിവാരണ നിധിയില്‍നിന്ന് തത്സമയം അനുവദിച്ചത് 3448 കോടി രൂപയാണ്. ദേശീയ ദുരന്ത ദിവാരണ നിയമപ്രകാരം വയനാട്ടിലെ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാമെന്ന് പറഞ്ഞ ഹൈക്കോടതി കേരള ബാങ്കിനെ എന്തുകൊണ്ടു മാതൃക ആക്കുന്നില്ലെന്നും ചോദിച്ചിട്ടുണ്ട്.
കോവിഡ് കാലത്തെ പരിമിതി മറയാക്കി കോടതിയുടെ ചോദ്യങ്ങളെ തടയിടാന്‍ ശ്രമിച്ച കേന്ദ്രത്തോട്, വയനാട്ടിലേതുപോലെ ജീവനോപാധി പൂര്‍ണമായും നഷ്ടപ്പെട്ട അവസ്ഥ കോവിഡില്‍ ഉണ്ടായില്ലെന്നാണ് കോടതി പറഞ്ഞത്.