ഷാര്‍ജയിലെ അതുല്യയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം. അതുല്യയുടെ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അമ്മ തുളസീഭായിയുടെ പരാതിയിലാണ് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
കൊലക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലാത്തതിനാല്‍ പ്രതി സതീഷിന് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. കൊലപാതക പരാതി ഉന്നയിക്കാനുള്ള കാരണം ക്രൈം ബ്രാഞ്ച് പരിശോധിക്കും. വീഡിയോ, ഓഡിയോ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളും വിശദമായി പരിശോധിക്കും. മാത്രമല്ല, നിലവിലെ വകുപ്പുകളില്‍ മാറ്റം വേണമോ എന്നതും പരിശോധിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. 10 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കൊല്ലം സെഷന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.
അതുല്യയുടെ ഭര്‍ത്താവ് സതീഷിനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. പ്രതിയ്ക്ക് കൊല്ലം സെഷന്‍സ് കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ദുബായിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എമിഗ്രേഷന്‍ വിഭാഗമാണ് പിടികൂടിയത്.