+

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ല ; സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിട്ട് ദുബൈ കോടതി

ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ശമ്പള പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പരാതി നല്‍കിയത്.

യുഎഇയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ മെഡിക്കല്‍ ഉപകരണങ്ങള്‍ ലേലം ചെയ്യാന്‍ ഉത്തരവിട്ട് ദുബൈ കോടതി. ആശുപത്രി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. ദുബൈ സിറ്റി വാക്കിലുള്ള ഒരു സ്വകാര്യ ആശുപത്രിയാണ് അവിടുത്തെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ശമ്പളം നല്‍കാനുള്ളത്. ഇവര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക ഈടാക്കുന്നതിനായാണ് ആശുപത്രിയിലുള്ള മെഡിക്കല്‍ സാമഗ്രികള്‍ ലേലത്തില്‍ വില്‍ക്കാന്‍ കോടതി അറിയിച്ചത്.

ആശുപത്രിയിലെ ജീവനക്കാര്‍ ചേര്‍ന്നാണ് ശമ്പള പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് പരാതി നല്‍കിയത്. ഏകദേശം 3.07 മില്ല്യണ്‍ ദിര്‍ഹത്തോളം ശമ്പളം കമ്പനി ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കാനുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി ആശുപത്രിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും ശേഷം വില്‍പ്പനയ്ക്ക് വെക്കാനും കോടതി ഉത്തരവിടുകയായിരുന്നു. ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശ്ശിക തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആദ്യം കമ്പനിക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുന്നതില്‍ കമ്പനി പരാജയപ്പെട്ടതോടെയാണ് കോടതി തുടര്‍ നടപടികളിലേക്ക് കടന്നത്.

facebook twitter