ദുബൈയില്‍ വിദ്യാര്‍ത്ഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാറിന്റെ ആകസ്മിക മരണത്തിന്റെ ഞെട്ടലിലാണ് പ്രവാസ ലോകം. യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ച പ്രതിഭാശാലിയായ വിദ്യാര്‍ത്ഥിയായ വൈഷ്ണവ് ദീപാവലി ആഘോഷങ്ങള്‍ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണം.
പഠനത്തില്‍ മിടുക്കനായ വൈഷ്ണവിന്റെ ഭാവിയെക്കുറിച്ച് വീട്ടുകാര്‍ക്ക് വലിയ പ്രതീക്ഷയായിരുന്നു. മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി ദുബൈയിലെ ബിബിഎ മാര്‍ക്കറ്റിങ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു വൈഷ്ണവ്. പഠനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് അദ്ദേഹത്തിന് ഗോള്‍ഡന്‍ വിസ ലഭിച്ചത്. കഴിഞ്ഞ 20 വര്‍ഷമായി ദുബൈയില്‍ താമസിക്കുന്ന വി. ജി. കൃഷ്ണകുമാര്‍- വിധു കൃഷ്ണകുമാര്‍ ദമ്പതികളുടെ മകനാണ് വൈഷ്ണവ്. മാതാവ് ഇതേ സ്‌കൂളിലെ അധ്യാപികയാണ്.
പതിവായി വ്യായാമം ചെയ്യുകയും ആരോഗ്യത്തില്‍ ശ്രദ്ധിക്കുകയും ചെയ്തിരുന്ന വൈഷ്ണവിന് ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നതായി കുടുംബത്തിന് അറിയില്ല. മരണകാരണം സംബന്ധിച്ച് ദുബൈ പൊലീസ് ഫോറന്‍സിക് വിഭാഗം കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.