ആദ്യ ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നതിലെ വിലക്ക് ജനുവരി 7വരെ നീട്ടി ഹൈക്കോടതി

02:36 PM Dec 18, 2025 | Renjini kannur

എറണാകുളം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ആശ്വാസം. അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി നീട്ടി.ആദ്യ ബലാത്സംഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് അടുത്തമാസം ഏഴുവരെ കോടതി നീട്ടിയത്.

കേസില്‍ തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി തീർപ്പാകുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി ഇന്നുവരെ നീട്ടിയിരുന്നു.

മുൻകൂർ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാമെന്ന് പറഞ്ഞ ബെഞ്ചിനോട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകൻ അറസ്റ്റ് വിലക്ക് ഇന്ന് വരെയാണ് ഉള്ളതെന്നും അത് നീട്ടണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കേസ് ഇനി പരിഗണിക്കുന്ന ജനുവരി ഏഴ് വരെ അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്.

രണ്ടാമത്തെ ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം നല്‍കിയിരുന്നു. എല്ലാ തിങ്കളാഴ്ചകളിലും അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകണമെന്നത് അടക്കമുള്ള ഉപാധികളോടെയായിരുന്നു ജാമ്യം.