
വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇറാനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും സംസ്കാരച്ചടങ്ങുകള്‍ നടന്നു. 60 പേരുടെ സംസ്കാരമാണ് നടന്നത്. ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹമുണ്ടായിരുന്ന പ്രധാന നേതാക്കളടക്കം ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായി. സെന്‍ട്രല്‍ ടെഹ്റാനില്‍ ഒഴുകിയെത്തിയ ജനത, ഇറാനിയന്‍ പതാകകള്‍ കൊണ്ട് പൊതിഞ്ഞ ശവപ്പെട്ടികളും യൂണിഫോമില്‍ മരിച്ച കമാന്‍ഡര്‍മാരുടെ ഛായാചിത്രങ്ങളും ഉയര്‍ത്തി തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ടെഹ്റാന് അക്ഷരാര്‍ത്ഥത്തില്‍ കറുത്ത വസ്ത്രമണിഞ്ഞ ജനസാഗരമായി. അതിനിടെ ഇറാനെ കീഴടക്കാന്‍ ശ്രമിക്കുന്നതാണ് അമേരിക്കയോടുള്ള എതിര്‍പ്പെന്നും ഇറാന് കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇ ആവര്‍ത്തിച്ചു.
ഇറാന് പ്രസിഡണ്ടും വിദേശകാര്യ മന്ത്രിയുമടക്കമുള്ള ഉന്നതനേതൃത്വവും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് യാത്രാമൊഴിയേകാന്‍ തെരുവില്‍ ജനങ്ങള്‍ക്കൊപ്പമെത്തി. 12 ദിവസത്തെ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനിക നേതൃത്വത്തിലുള്ളവരുടെയും ആണവ ശാസ്ത്രജ്ഞരുടെയും പൊതുദര്‍ശന, സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ഇറാന് ജനത ഒരുമിച്ചെത്തുകയായിരുന്നു.