കണ്ണൂർ: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലൂടെ നീങ്ങവെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സർക്കാർ കുടിശ്ശിക തുക അനുവദിച്ചു. സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കുടിശ്ശികയാണ് ധനകാര്യ വകുപ്പ് അനുവദിച്ചത്. നാലു കോടി അൻപത്തിയെട്ട് ലക്ഷത്തി എഴുപത്തിനാലായിരം രൂപയാണ് അനുവദിച്ചത്. ഇതിനായുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്.
അടുത്ത ആഴ്ച്ചയോടുകൂടി ഇതിൻ്റെ അലോകേഷൻ പൂർത്തിയായി സ്കൂൾ പ്രധാന അധ്യാപകരുടെ അക്കൗണ്ടിലേക്ക് തുക എത്തിച്ചേരും. കഴിഞ്ഞ കുറെക്കാലമായി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല. ഇതുകാരണം കടുത്ത പ്രതിസന്ധിയാണ് പ്രധാന അധ്യാപകർ അനുഭവിച്ചു വന്നിരുന്നത്. സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് പദ്ധതി മുടക്കമില്ലാതെ നടത്തി കൊണ്ടുപോയിരുന്നത്.
ചില പ്രധാന അധ്യാപകർ കടമായാണ് സ്വകാര്യ കച്ചവടക്കാരിൽ നിന്നും അരിയും പച്ചക്കറിയും വാങ്ങിയിരുന്നത്. ഇതുകൂടാതെ പാലും മുട്ടയും കുട്ടികൾക്ക് നൽകുന്ന പദ്ധതിയുടെ പണവും സർക്കാർ വെട്ടികുറച്ചിരുന്നു. രണ്ടാം പിണറായി സർക്കാരിൻ്റെ കടുത്ത സാമ്പത്തിക ഞെരുക്കമാണ് കുട്ടികളുടെ കഞ്ഞിയിലും മണ്ണിടുന്ന സാഹചര്യമുണ്ടാക്കിയത്. എന്നാൽ ഈ പദ്ധതിക്ക് കേന്ദ്രസർക്കാരിൻ്റെ വിഹിതം നന്നെ കുറഞ്ഞതും അതു തന്നെ കൃത്യമായി ലഭിക്കാത്തതും പദ്ധതിയെ താളം തെറ്റിച്ചിരുന്നു..
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക സംഘടനയായ കെ.പി എസ്.ടി.എ സമരത്തിന് ഇറങ്ങാൻ തീരുമാനിച്ച സാഹചര്യത്തിലാണ് അടിയന്തിര നടപടി സ്വീകരിച്ചത്. ഭരണാനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി എ യയും പദ്ധതി മുടങ്ങുന്നതിൽ പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു.