
കാസര്‍ഗോഡ് : പ്രധാനാധ്യാപകന്റെ മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്ന സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി. സംഭവം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികളെ ഉപദ്രവിക്കരുത്. സ്ഥലം എസ്ഐയുമായി സംസാരിച്ചു. പരാതി കിട്ടിയില്ലെന്ന് പറഞ്ഞു. അമ്മയും പരാതി നൽകിയിട്ടില്ല. കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോട് നിജസ്ഥിതി അറിയിക്കാൻ നിർദേശിച്ചു. കുട്ടികളെ ഉപദ്രവിക്കുന്ന നില ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഈ മാസം 11ന് സ്‌കൂള്‍ അസംബ്‌ലിക്കിടെ വികൃതി കാണിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണം.
മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ലൈനില്‍നിന്നിരുന്ന കുട്ടിയുടെ മുഖത്ത് പ്രധാനാധ്യാപകന്‍ അടിക്കുകയും കോളറില്‍ പിടിച്ച് വലതു ഭാഗത്തെ ചെവി പിടിച്ചു പൊക്കി കര്‍ണപടം തകര്‍ത്തെന്നുമാണ് മാതാപിതാക്കളുടെ ആരോപണം.വിദ്യാര്‍ഥിയുടെ ചെവിക്കു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പിന്നീട് വിദഗ്‌ധ ചികിത്‌സ വേണമെന്ന് ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നു കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വലതു ചെവിക്ക് കേള്‍വി കുറവുണ്ടെന്നും കര്‍ണപടം പൊട്ടിയതായും പരിശോധനയില്‍ കണ്ടെത്തി. കുട്ടിയെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കണമെന്നാണ് ഡോക്‌ടര്‍മാര്‍ പറയുന്നത്.