ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന സിംഹത്തെ വൈറല്‍ വീഡിയോയ്ക്കായി പ്രകോപിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വീഡിയോ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. ഗുജറാത്തിലെ ഭാവ്‌നഗറിലാണ് 32കാരന്‍ സിംഹത്തിന്റെ അടുത്തെത്തി വൈറല്‍ വീഡിയോയ്ക്കായി സാഹസം കാണിച്ചത്. സംഭവത്തില്‍ ഗുജറാത്ത് വനംവകുപ്പാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഗൌതം ഷിയാല്‍ എന്ന യുവാവാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ക്ക് കോടതി ജാമ്യ നിഷേധിച്ച് ജയിലിലേക്ക് അയയ്ക്കുകയായിരുന്നു. കര്‍ഷകനും കന്നുകാലി വളര്‍ത്തുന്നയാളുമാണ് ഗൌതം ഷിയാല്‍. വന്യ ജീവി സംരക്ഷണ നിയമം അനുസരിച്ചാണ് ഇയാള്‍ അറസ്റ്റിലായിട്ടുള്ളത്. കഴിഞ്ഞ ആഴ്ചയാണ് ഇയാള്‍ തീറ്റയെടുക്കുകയാിരുന്ന സിംഹത്തിന്റെ അടുത്തേക്ക് അപകടകരമായ രീതിയില്‍ എത്തുന്ന വീഡിയോ വൈറലായത്.യുവാവിന് അടുത്തേക്ക് സിംഹം ചീറി അടുക്കുന്നത് അടക്കമുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും 25000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.