+

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ആദ്യം പറഞ്ഞ കാര്യങ്ങളല്ല പിന്നീട് ലഭിച്ച മെയിലില്‍ പറഞ്ഞത് ; റസൂല്‍ പൂക്കുട്ടി

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ആദ്യം 187 സിനിമകള്‍ക്കും അനുമതി നല്‍കിയില്ലെന്നും തന്റെ വ്യക്തിപരമായ ഇടപെടല്‍ മൂലമാണ് അവസാന നിമിഷം അനുമതി ലഭിച്ചതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ഐഎഫ്എഫ്കെയില്‍ 19 സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കാത്ത വിവാദത്തില്‍ വിശദീകരണവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടി. ബ്യൂറോക്രസിയുടെ കാലതാമസമുണ്ടായെന്നും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ആദ്യം പറഞ്ഞ കാര്യങ്ങളല്ല പിന്നീട് ലഭിച്ച മെയിലില്‍ പറഞ്ഞതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു. വിഷയത്തില്‍ കേരള സര്‍ക്കാര്‍ ഒറ്റ രാത്രി കൊണ്ട് നിലപാടെടുത്തു. അതുകൊണ്ടാണ് ബാക്കി സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതെന്നും റസൂല്‍ പൂക്കുട്ടി വ്യക്തമാക്കി. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ആദ്യം 187 സിനിമകള്‍ക്കും അനുമതി നല്‍കിയില്ലെന്നും തന്റെ വ്യക്തിപരമായ ഇടപെടല്‍ മൂലമാണ് അവസാന നിമിഷം അനുമതി ലഭിച്ചതെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ആറ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയാത്തത് ഇന്ത്യയുടെ വിദേശകാര്യ നയവുമായി ബന്ധപ്പെട്ട കാര്യമായതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി. ആ സിനിമകളുടെ സംവിധായകരെ കൊണ്ടുവരാതെ സിനിമ പ്രദര്‍ശിപ്പിക്കാനാകില്ല. വിദേശകാര്യ നയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നമ്മള്‍ എതിരായിട്ട് പോകണോയെന്നും നമ്മുടെ രാജ്യത്തിന് വേണ്ടി അത് വിട്ടുകളയൂ എന്നും റസൂല്‍ പൂക്കുട്ടി അഭ്യര്‍ത്ഥിച്ചു.

മേള നടക്കുന്ന സമയത്ത് ചെയര്‍മാന്‍ സ്ഥലത്തില്ലാത്തതിനെച്ചൊല്ലി ഉണ്ടായ വിവാദത്തിലും റസൂല്‍ പൂക്കുട്ടി പ്രതികരിച്ചു. തന്റെ അസാന്നിധ്യം മേളയെ ബാധിച്ചിട്ടില്ലെന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു. വെര്‍ച്വലായി ഒരോ നിമിഷവും മേളയുടെ സംഘാടനത്തില്‍ താന്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ കേരളം മുഴുവന്‍ അവള്‍ക്കൊപ്പമാണെന്നും പിടി കുഞ്ഞുമുഹമ്മദിന്റെ കാര്യത്തില്‍ അക്കാദമി വീഴ്ച വരുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കാലതാമസമില്ലാതെ നടപടിയെടുത്തുവെന്നും റസൂല്‍ പൂക്കുട്ടി കൂട്ടിച്ചേര്‍ത്തു.

facebook twitter