
കണ്ണൂർ : കാലവർഷം കേരളത്തിൽ പഴയ രീതിയിലേക്ക് തിരിച്ചു പോകുന്നതായി സൂചന. ഓഗസ്റ്റ് മാസത്തിലെ പേടിപ്പെടുത്തുന്ന മഴയ്ക്ക് കുറവു വരുന്നതായി കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ പുറത്തു വന്നു. 2018 ഓഗസ്റ്റിൽ ഉണ്ടായ പ്രളയത്തിൽ 483 പേർ മരിക്കുകയും 15 പേരെ കാണാതാകുകയും ചെയ്തു. 50 ലക്ഷത്തോളം പേരെ നേരിട്ട് ബാധിച്ച പ്രളയത്തിൽ 14 ലക്ഷം ആളുകൾക്ക് വീട് വിട്ടു പോകേണ്ടിവന്നു. 1924 നു ശേഷം ഉണ്ടായ ഏറ്റവും വലിയ പ്രളയമായിരുന്നു 2018 ലേത്. 40000 കോടിയുടെ നഷ്ടവും ഉണ്ടായതായാണ് കണക്കാക്കിയത്.
2018 മുതൽ 2025 വരെ ഓഗസ്റ്റ് ഒന്നു മുതൽ 15വരെ പെയ്ത മഴയുടെ കണക്ക് പരിശോധിച്ചാൽ 2021 മുതൽ ഓഗസ്റ്റിലെ പേടിപ്പിക്കുന്ന മഴ കുറയുന്നതായി വ്യക്തമാകും. 2018 മുതൽ 2020 വരെ യുള്ള ഓഗസ്റ്റ് പകുതി വരെയുള്ള അസാധാരണ മഴക്ക് ശേഷം ഈ വർഷം ഉൾപ്പെടെ ലഭിച്ചത് കുറഞ്ഞ മഴയാണ്.
2018ൽ ഓഗസ്റ്റിലെ ആദ്യ 15 ദിവസം ലഭിച്ചത് 479.6 മില്ലിമീറ്റർ മഴ . 2019ൽ 686.2, 2020ൽ 528.1 മില്ലിമീറ്ററും മഴ ലഭിച്ചു. ഈ മൂന്നു മഴക്കാലത്തും സംസ്ഥാനത്ത് വ്യപക നാശമുണ്ടായി.
എന്നാൽ 2021 മുതൽ മഴ കുറയുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്. 2021ൽ 192.8, 2022 ൽ 325.7, 2023 ൽ 25.3, 2024 ൽ 145.2, 2025 ൽ 143.8 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. ഇത്തവണ ആദ്യ 15 ദിവസം ലഭിച്ചത് 143.8 മില്ലിമീറ്റർ മഴയാണ്. (44 ശതമാനം കുറവ്) സാധാരണ ഓഗസ്റ്റിലെ ആദ്യ 15 ദിവ സം ലഭിക്കേണ്ടത് 255 മില്ലിമീറ്റർ മഴയാണ്.
ഈ കണക്കുകൾ എല്ലാം സൂചിപ്പിക്കുന്നത് കാലവർഷം പഴയതുപോലെ ജൂൺ ജൂലൈ മാസങ്ങളിൽ സജീവമാകുന്നു എന്നാണെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിരീഷണം.