തൃശൂര്‍ പുതുക്കാട് മാതാവ് കൊലപ്പെടുത്തിയ നവജാത ശിശുക്കളുടെ മൃതദേഹ ഭാഗങ്ങള്‍ ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അസ്ഥികള്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് അയയ്ക്കും. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. കെ എസ് ഉന്മേഷിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.
പ്രതി ഭവിന്‍ സ്റ്റേഷനില്‍ എത്തിച്ച അസ്ഥികളും ഇരുവരുടെയും വീടുകളില്‍ നിന്ന് ഫൊറന്‍സിക് സംഘം ശേഖരിച്ച് അസ്ഥികളുമാകും പോസ്റ്റ്‌മോര്‍ട്ടം ചെയ്യുക. കൊല്ലപ്പെട്ട രണ്ടു കുഞ്ഞുങ്ങളുടെയും അസ്ഥിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. തുടന്ന് ഡിഎന്‍എ പരിശോധനയ്ക്കായി തിരുവനന്തപുരത്തെ ലാബിലേക്ക് മൃതദേഹ അവശിഷ്ടങ്ങള്‍ അയക്കും. കഴിഞ്ഞദിവസം ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കിയ അനീഷയെയും ഭവിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
പ്രതികളുടെ കസ്റ്റഡി അപേക്ഷ രണ്ട് ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് പൊലിസ് അറിയിച്ചു. 2021ല്‍ നടന്ന ആദ്യ കുഞ്ഞിന്റെ കൊലപാതകത്തിലാണ് വെള്ളികുളങ്ങരയിലെ അനീഷയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്. ആമ്പല്ലൂരിലെ ഭവിന്റെ വീട്ടിലാണ് 2024ല്‍ കൊല്ലപ്പെട്ട രണ്ടാമത്തെ കുഞ്ഞിന്റെ അസ്ഥിഭാഗങ്ങള്‍ക്കായി പരിശോധന നടത്തിയത്. പ്രതികളുടെ കുറ്റസമ്മതം മൊഴികള്‍ക്കപ്പുറം ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.