പൂനെയിലെ ശനിവാര്‍ വാഡ കോട്ടയില്‍ മുസ്ലീം സ്ത്രീകള്‍ നിസ്‌കരിച്ച സ്ഥലം ഗോമൂത്രവും ചാണകവും തേച്ച് ശുദ്ധീകരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത്. ശനിവാര്‍ വാഡയില്‍ ഇരുന്ന് രാമനാമം ജപിക്കുന്നത് ആരെങ്കിലും തടയുന്നുണ്ടോ എന്നാണ് സച്ചിന്‍ സാവന്ത് ചോദിച്ചത്. ശനിവാര്‍ വാഡയില്‍ മുസ്ലീം സ്ത്രീകള്‍ നമസ്‌കരിക്കുന്നത് കണ്ട് ഗോമൂത്രം തളിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് അത് തീര്‍ത്ഥാടന കേന്ദ്രമായാണോ തോന്നുന്നതെന്നും സച്ചിന്‍ സാവന്ത് ചോദിച്ചു.
'മസ്താനിയെ പാര്‍പ്പിച്ച സ്ഥലമാണ് ശനിവാര്‍ വാഡ. പേഷ്വാ സര്‍ദാര്‍മാരാണ് ഛത്രപതിയുടെ പതാക താഴ്ത്തി അവിടെ യൂണിയന്‍ ജാക്ക് ഉയര്‍ത്തിയത്. അവിടെ ദൈവത്തിന്റെ നാമം ഉച്ഛരിക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നത് എങ്ങനെയാണ്? നിങ്ങള്‍ അവിടെ ഇരുന്ന് ധ്യാനിക്കുന്നത് ആരെങ്കിലും തടഞ്ഞോ? ശനിവാര്‍ വാഡയില്‍ പേഷ്വാ കാലത്ത് ദര്‍ഗകള്‍ പോലുമുണ്ടായിരുന്നു. പേഷ്വമാര്‍ക്ക് അതില്‍ യാതൊരു പ്രശ്നവുമുണ്ടായിരുന്നില്ല. ആ കോട്ടയില്‍ നിന്ന് 'അമ്മാവാ എന്നെ രക്ഷിക്കൂ' എന്ന യുവ രാജകുമാരന്‍ പേഷ്വാ നാരായണ റാവുവിന്റെ നിലവിളി ഇപ്പോഴും ഉയരുന്നുണ്ടെന്നാണ് പൂനെക്കാര്‍ വിശ്വസിക്കുന്നത്. അപ്പോള്‍ അവിടെ സര്‍വ്വശക്തന്റെ നാമം ഉച്ഛരിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് എന്തുകൊണ്ട് പോയി രാമനാപം ജപിച്ചുകൂടാ? ആ ശനിവാര്‍ വാഡയില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ബിജെപിക്കാരുടെ യുക്തി അനുസരിച്ചാണെങ്കില്‍ ആ കോട്ട മുഴുവന്‍ നിങ്ങള്‍ ഗോമൂത്രം ഒഴിച്ച് ശുദ്ധീകരിക്കണം. അങ്ങനെ നിങ്ങളുടെ മാനസികാവസ്ഥ എത്ര പിന്തിരിപ്പനാണെന്ന് ജനങ്ങള്‍ മനസിലാക്കണം': സച്ചിന്‍ സാവന്ത് പറഞ്ഞു.
ഒരാളുടെ ആരാധനയെ ഇത്തരത്തില്‍ അപമാനിക്കുന്നത് ശരിയല്ലെന്നും ഗുരുതരമായ പ്രവൃത്തിയാണ് ബിജെപി എംപിയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും സമാജ് വാദി പാര്‍ട്ടി എംഎല്‍എ അബു അസിം ആസ്മി പറഞ്ഞു. ഈ രാജ്യത്തെ മുസ്ലീങ്ങള്‍ ഈ മണ്ണില്‍ പ്രണാമം അര്‍പ്പിക്കുകയാണെന്നും ഈ വിദ്വേഷപ്രിയര്‍ക്ക് അത് ഇഷ്ടമല്ലെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച്ചയാണ് ശനിവാര്‍വാഡയില്‍ മുസ്ലീം സ്ത്രീകള്‍ നിസ്‌കരിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അതിനെതിരെ രൂക്ഷവിമര്‍ശനവുമായി തീവ്ര ഹിന്ദുത്വ സംഘടനകളും രംഗത്തെത്തി. തുടര്‍ന്നാണ് ബിജെപി എംപി മേധ കുല്‍കര്‍ണിയുടെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കോട്ടയിലെത്തി പ്രതിഷേധിച്ചത്. മുസ്ലീം സ്ത്രീകള്‍ നിസ്‌കരിച്ച സ്ഥലം അവര്‍ ഗോമൂത്രം ഉപയോഗിച്ച് കഴുകുകയും ചാണകം തേച്ച് 'ശുദ്ധീകരി'ക്കുകയും ചെയ്തു. ശനിവാര്‍ വാഡ നിസ്‌കരിക്കാനുളള സ്ഥലമല്ലെന്നും അത് ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നുമാണ് എംപി ആവശ്യപ്പെട്ടത്.