ആധുനിക ഇന്ത്യക്ക് പുതുമുഖം നല്‍കിയ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വിയോ?ഗത്തില്‍ ആദരാജ്ഞലികള്‍ നേര്‍ന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. അദ്ദേഹത്തിന്റെ വിടവാങ്ങല്‍ സംബന്ധിച്ച വാര്‍ത്താ ഏറെ വിഷമകരമാണെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഇന്ത്യയെ ലോകത്തിലെ സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളായിരുന്നു അദ്ദേഹം. ലോകം മുഴുവന്‍ സാമ്പത്തിക ഞെരുക്കത്തില്‍പെട്ടുലഞ്ഞപ്പോള്‍ കൃത്യമായ നയം മാറ്റത്തിലൂടെ ഇന്ത്യന്‍ സമ്പദ്ഘടനയെ സന്തുലിതമാക്കി. രാജ്യത്തിന് മൂല്യവത്തായ അനേകം പദ്ധതികള്‍ നല്‍കിയ അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ എല്ലാമേഖലയിലും വന്‍കുതിപ്പ് നടത്തിയെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
പ്രതിപക്ഷ കക്ഷികള്‍ അദ്ദേഹത്തെ നിരന്തരം വേട്ടയാടുകയും പരിഹസിക്കുകയും ചെയ്തപ്പോള്‍ അതിനെയെല്ലാം തന്റെ പ്രവര്‍ത്തന മികവിലൂടെയാണ് അദ്ദേഹം നേരിട്ടതെന്ന് തങ്ങള്‍ പറഞ്ഞു. ഫാസിസത്തിന്റെ കരാള ഹസ്തത്തില്‍ ഇന്ത്യക്ക് അടിപറതുകയും സമ്പദ്ഘടന കൂപ്പുകുത്തുകയും ചെയ്യുന്ന സമകാലിക സാഹചര്യത്തില്‍ അദ്ദേഹത്തെ പോലൊരു സാമ്പത്തിക വിദഗ്ധന്റെയും ഭരണതന്ത്രജ്ഞന്റെയും വിയോഗം രാജ്യത്തിന് തീര്‍ത്താല്‍ തീരാത്ത നഷ്ടമാണെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.