+

നിരന്തരം കളിയാക്കുന്നുവെന്ന സംശയം ; 45 കാരനെ വളര്‍ത്തുനായയെ കൊണ്ട് കടിപ്പിച്ചു ; 36 കാരന്‍ അറസ്റ്റില്‍

പ്രതിയെ നിരന്തരം വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം ആസൂത്രണം ചെയ്തത്.

ഇലകമണില്‍ 45 കാരനെ വളര്‍ത്തുനായയെ വിട്ട് കടിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. അയിരൂര്‍ തോണിപ്പാറ സ്വദേശി സനല്‍(36) ആണ് അറസ്റ്റിലായത്. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവമുണ്ടാവുന്നത്. അടിപിടി കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സനല്‍ വര്‍ക്കലയില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് അറസ്റ്റ്.

പ്രതിയെ നിരന്തരം വീടിന് മുന്നിലെത്തി കളിയാക്കുന്നത് രഞ്ജിത്താണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം ആസൂത്രണം ചെയ്തത്. റോഡിലെ കല്ലില്‍ തട്ടിവീണ രഞ്ജിത്തിനെ സനല്‍ വീടിന്റെ അടുക്കള ഭാഗത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും വടി ഉപയോഗിച്ച് മര്‍ദ്ദിക്കുകയും നിലത്തു വീണപ്പോള്‍ അടിവയറ്റില്‍ ചവിട്ടുകയും വീട്ടിലെ വളര്‍ത്തുനായയായ പിറ്റ്ബുള്ളിനെ ഉപയോഗിച്ച് കടിപ്പിച്ച ശേഷം കത്തിയുപയോഗിച്ചു പരിക്കേല്‍പ്പിച്ചെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ അവശനായ രഞ്ജിത്തിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

അതേ സമയം, തന്നെ രഞ്ജിത്ത് ആക്രമിച്ചെന്ന് ചൂണ്ടികാട്ടി പ്രതിയായ സനല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രഞ്ജിത്തിനാണ് മര്‍ദനമേറ്റതെന്ന് വ്യക്തമാവുന്നത്. പിന്നാലെ സനല്‍ ഒളിവില്‍ പോവുകയായിരുന്നു.

facebook twitter