കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്ന് അമേരിക്കയിലെത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് വൈറ്റ് ഹൗസ്. കുടിയേറ്റക്കാരെ സ്വീകരിക്കാത്തതിന് കൊളംബിയക്ക് മേല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 25 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനഡ, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക്അധിക നികുതി ചുമത്തിയത്.
മാരകമായ ഫെന്റനില്‍ മയക്ക് മരുന്ന് അമേരിക്കയിലേക്ക് അയക്കുന്നത് ഈ രാജ്യങ്ങളാണെന്ന് വൈറ്റ് ഹൌസ് കുറ്റപ്പെടുത്തി. അനധികൃത കുടിയേറ്റം തടയാനുള്ള നടപടികളും ഈ രാജ്യങ്ങള്‍ കൈകൊള്ളുന്നില്ലെന്നും വൈറ്റ് ഹൌസ് വ്യക്തമാക്കി. ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവയും ഈടാക്കും. പുതിയ തീരുമാനം പ്രസിഡന്റ് ട്രംപ് ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കയുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും ചില രാജ്യങ്ങളുമായുള്ള അധിക കമ്മി കുറക്കാനുമാണ് തീരുവകളും നികുതിയും വര്‍ധിപ്പിക്കുക എന്നത് ട്രംപിന്റെ പ്രഖ്യാപിത നിലപാടാണ്. ഇതിന്റെ ഭാഗമായാണ് അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് തീരുവ വര്‍ധിപ്പിച്ചത്. ഇന്ന് മുതല്‍ പുതിയ തീരുവ നിരക്ക് പ്രാബല്യത്തില്‍ കൊണ്ടുവരുമെന്നാണ് വൈറ്റ് ഹൌസ് അറിയിച്ചിരിക്കുന്നത്. അമേരിക്കയുടെ രണ്ട് വലിയ വാണിജ്യ പങ്കാളികളാണ് കാനഡയും മെക്സിക്കോയും ചൈനയും.
ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമായി, വാഹനങ്ങള്‍, ഇലക്ട്രോണിക് ഉത്പന്നങ്ങള്‍, മരുന്നകള്‍, മരം, സ്റ്റീല്‍ ഉത്പ്പനങ്ങള്‍ തുടങ്ങി ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ അമേരിക്കയിലേക്കെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അമേരിക്ക തീരുവ ചുമത്തിയാല്‍ അത് രാജ്യത്തെ ഉപഭോക്താക്കളെ സാരമായി ബാധിക്കും. ഇത് പണപ്പെരുപ്പത്തിനും കാരണമാകും. ഇതിനെ തുടര്‍ന്ന് കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ അമേരിക്കയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്കും തീരുവ വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഇത് സങ്കീര്‍ണ വ്യാപാര തര്‍ക്കത്തിലേക്ക് വഴിവെക്കുമെന്നും ആശങ്കയുണ്ട്.