തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാച്ഛാദനം തനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

07:41 AM Jul 06, 2025 | Desk Kerala

തളിപ്പറമ്പ്: തനിക്കും കുടുംബത്തിനും ജീവിതത്തിലെ അഭിമാനകരമായ നിമിഷമാണ് ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ശിവപ്രതിമ അനാച്ഛാദനം ചെയ്യാന്‍ കിട്ടിയ അവസരമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞു. തളിപറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ നടന്ന ശിവ പ്രതിമ അനാച്ഛാദനം ചെയ്യുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ ക്ഷേത്രങ്ങളിലും നിര്‍ബന്ധമായും ഗോശാലകളും സനാതന ധര്‍മ്മ പഠനത്തിനായി വിദ്യാഭ്യാസ കേന്ദ്രങ്ങളും ആശുപത്രിയും ആരംഭിക്കണമെന്നും .വെങ്കല ശിവ ശില്‍പ്പം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ അനാഛാദനം ചെയ്ത ശേഷം ഗവർണർ പറഞ്ഞു.

ശനിയാഴ്ച്ചവൈകുന്നേരം ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ ടി.ടി.കെ ദേവസ്വം പ്രസിഡന്റ് ടി.പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, പ്രതിമ സമര്‍പ്പിച്ച മൊട്ടമ്മല്‍ രാജന്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ബിജു ടി.ചന്ദ്രശേഖരന്‍, ഓംകാരം ട്രസ്റ്റ് സ്ഥാപകന്‍ കമല്‍ കുന്നിരാമത്ത്, ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി. എസ്.സുരേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. 14 അടി ഉയരമുള്ള ശില്‍പ്പം പ്രശസ്ത ശില്‍പ്പി ഉണ്ണി കാനായി മൂന്നര വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്.

4200 കിലോയാണ് ശില്‍പ്പത്തിന്റെ ഭാരം.ആദ്യം കളിമണ്ണില്‍ തീര്‍ത്ത ശില്‍പ്പം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് എടുത്ത് മെഴുകിലേക്ക് രൂപമാറ്റം വരുത്തി വെങ്കലത്തിലേക്ക് കാസ്റ്റ് ചെയ്യുകയായിരുന്നു. നാല്‍പ്പത് ലക്ഷത്തിലേറെ രൂപയാണ് പ്രതിമക്ക് ചെലവഴിച്ചതെന്നാണ് വിവരം. പയ്യന്നൂര്‍ കാനായിയില്‍ ഉണ്ണി കാനായിയുടെ പണിപ്പുരയില്‍ നിര്‍മ്മിച്ച ശില്‍പ്പം ക്രെയിന്‍ ഉപയോഗിച്ചാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തിച്ചത്.ഒരു കൈ അരയില്‍ ഊന്നി വലതു കൈ കൊണ്ട് അനുഗ്രഹിക്കുന്ന വിധത്തിലാണ് ശില്‍പ്പം.
കിഴക്കേ നടയില്‍ ആലിന്‍ ചുവട്ടില്‍ സ്ഥാപിച്ച ശില്‍പ്പത്തോടൊപ്പം മനോഹരമായ പൂന്തോട്ടവും അലങ്കാരദീപങ്ങളും ഒരുക്കിയിട്ടുണ്ട്.