+

'കരണം നോക്കി ഒന്ന് പൊട്ടിക്കാൻ തോന്നിയ വില്ലൻ' ; ആരാണ് തുടരും ചിത്രത്തിലെ മോഹൻലാലിനൊപ്പം കട്ടയ്ക്ക് നിന്ന പ്രകാശ് വർമ്മ

മലയാളികളുടെ പ്രിയ്യ താരജോടികളായ മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തരുൺ മൂർത്തി സംവിധാനം ചെയ്ത  ‘തുടരും’ സിനിമ ഗംഭീര അഭിപ്രായത്തോടെയാണ് മുന്നേറുന്നത്.

മലയാളികളുടെ പ്രിയ്യ താരജോടികളായ മോഹൻലാലും ശോഭനയും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച തരുൺ മൂർത്തി സംവിധാനം ചെയ്ത  ‘തുടരും’ സിനിമ ഗംഭീര അഭിപ്രായത്തോടെയാണ് മുന്നേറുന്നത്. കെ ആർ സുനിലിനൊപ്പം തരുണും ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്.  

തങ്ങൾ ആഗ്രഹിച്ച മോഹൻലാലിനെ തിരിച്ചുകിട്ടിയ സന്തോഷം ആഘോഷമാക്കുകയാണ് ആരാധകർ. മോഹൻലാലിന്റെ ഗംഭീരപ്രകടനമാണ് എങ്ങും ചർച്ചാവിഷയം. അതേസമയം, മോഹൻലാലിനോളം തന്നെ പ്രേക്ഷകർ മറ്റൊരു കഥാപാത്രത്തിന്റെ പ്രകടനവും ചർച്ചയാക്കുന്നുണ്ട്. ചെറുചിരിയും ഹലോയുമായെത്തി പ്രേക്ഷകരെയാകെ 'വെറുപ്പിക്കുന്ന' വില്ലനെ, സിഐ ജോർജ് മാത്തനെ.

Prakash Varma, who stood by Mohanlal in the film

തീയറ്ററിലെത്തിവർക്ക് ലഭിച്ച സർപ്രൈസ് എൻട്രിയാണ് പ്രകാശ് വർമയും ജോർജ് സാറും.  കണ്ണിൽ പകയുടെ തീക്കനൽ  കത്തുമ്പോഴും വെളുക്കെ ചിരിച്ച് ഒറ്റയാനെ വീഴ്ത്താൻ വാരിക്കുഴി തീർത്ത,  ജോ‍ർജ് സാറിനെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. 

Prakash Varma, who stood by Mohanlal in the film

സിനിമയിൽ വില്ലനാണെങ്കിലും ജീവിതത്തിൽ നായകനാണ് പ്രകാശ് വർമ. ഇന്ത്യയിലെ അറിയപ്പെടുന്ന ആഡ് ഫിലിം കമ്പനിയായ 'നിർവാണ'യുടെ സ്ഥാപകനായ പ്രകാശ് വർമ ദേശീയ- അന്തർദേശീയ തലത്തിൽ ശ്രദ്ധനേടിയ ഒട്ടേറെ പരസ്യചിത്രങ്ങളുടെ സംവിധായകനാണ്. ഒരുകാലത്ത് ഇന്ത്യയെ അതിശയിപ്പിച്ച പരസ്യചിത്രങ്ങളുടെ പിന്നിലെ പ്രധാന ബുദ്ധികേന്ദ്രമാണ് പ്രകാശ് വർമയെന്ന താരം.

ആലപ്പുഴയിൽ അധ്യാപകദമ്പതികളുടെ മകനായാണ് പ്രകാശ് വർമയുടെ ജനനം. എസ്ഡി കോളേജിലെ പഠനത്തിന് ശേഷം ലോഹിതദാസിന്റേയും വിജി തമ്പിയുടേയും സംവിധാനസഹായിയായി പ്രവർത്തിച്ചു. വി.കെ. പ്രകാശിന്റെ അസിസ്റ്റന്റായാണ് പരസ്യചിത്ര ലോകത്ത് എത്തിയത്. പരസ്യചിത്രമേഖലയിൽ തന്നെ പ്രവർത്തിക്കുന്ന സ്‌നേഹാ ഐപാണ് ഭാര്യ. 2001-ൽ ഇരുവരും ചേർന്ന് ബെംഗളൂരുവിൽ 'നിർവാണ' എന്ന പേരിൽ പരസ്യചിത്രക്കമ്പനി ആരംഭിച്ചു. വാഗൺആർ, ടൈറ്റൻ, ഹ്യൂണ്ടായ് സാൻട്രോ, ഷവർലെ ഒപ്ട്രാ, ഫ്രൂട്ടി, ലീ ജീൻസ്, പോണ്ട്‌സ് എന്നിവയ്ക്ക് വേണ്ടിയും പ്രകാശ് പരസ്യചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

പ്രകാശ് വർമയെ എങ്ങനെ 'തുടരും' എന്ന ചിത്രത്തിലെത്തിച്ചു എന്നറിയാമോ ?  ആ കഥ ഇങ്ങനെയാണ്

ജോർജ് സാറിന്റെ ശബ്ദവും രൂപവും പ്രധാനമാണ് കണ്ടാൽ തന്നെ ഒരു ഗാഭീര്യം തോന്നണം പക്ഷേ കണ്ടു മറന്ന, കണ്ടു ശീലിച്ച മുഖം ആവരുത് താനും. ജോർജ് എന്ന കഥാപാത്രത്തെ കുറിച്ചുള്ള സംവിധായകന്റെ സങ്കൽപ്പം തന്നെ ഇതായിരുന്നു പല നടൻമാരെ നോക്കി, മലയാളത്തിലും അന്യഭാഷകളിലും വരെ ഓഡിഷനും നടത്തി. തൃപ്തി തോന്നുന്ന ഒരാളെ പോലും കണ്ടെത്താനായില്ല. 

തിരക്കഥാകൃത്ത് കൂടിയായ കെ ആർ സുനിലാണ് സുഹൃത്ത് വലയത്തിലുള്ള പ്രകാശിനെ കുറിച്ച് തരുൺ മൂർത്തിയോട് ആദ്യം പറയുന്നത്.  ഏറെ തിരക്കുള്ള പരസ്യച്ചിത്ര സംവിധായകനെ സിനിമയിൽ വില്ലനായി ലഭിക്കുക അത്ര എളുപ്പമല്ലെന്ന് അറിയാമെങ്കിലും പോയി കാണാൻ തന്നെ തീരുമാനിച്ചു. ബോംബെയിൽ പോയി കണ്ടു. കണ്ടത് 'പ്രകാശ് വർമ'യെ ആയിരുന്നില്ല 'ജോർജ് സാറി'നെ തന്നെയായിരുന്നു. കഥയും കഥാപാത്രവും പ്രകാശിന്  ഇഷ്ടപ്പെട്ടു. എന്നാൽ അതിനേക്കാളേറെ കടുത്ത മോഹൻലാൽ ആരാധകനായ പ്രകാശിനെ ആകർഷിച്ചത് മോഹൻലാലിനൊപ്പം ചിലവഴിക്കാൻ ലഭിക്കുന്ന സമയവും അടുത്തിടപഴകാൻ കിട്ടുന്ന അവസരവുമായിരുന്നു. പക്ഷേ അപ്പോഴും യെസ് പറയാൻ ഒരു സംശയം ബാക്കി ഇത്രയും ഗ്രാവിറ്റിയുള്ള കഥാപാത്രം താൻ അവതരിപ്പിച്ചാൽ ശരിയാകുമോ? കണ്ട മാത്രയിൽ ജോർജിനെ മനസുകൊണ്ട് ഫിക്സ് ചെയ്ത സംവിധായകന്റെ മനസിൽ  അതിനും പോംവഴിയുണ്ടായിരുന്നു.

പ്രകാശിന് ആത്മവിശ്വാസം നൽകാൻ സംവിധായകൻ കണ്ടെത്തിയ മാർഗമായിരുന്നു ഓഡിഷൻ. ഒന്നു രണ്ടു സീൻ ചെയ്യിപ്പിച്ചു നോക്കി. ജോർജ് കണ്ണാടിയിൽ നോക്കി നിൽക്കുന്ന സീൻ വീണ്ടും വീണ്ടും ചെയ്യിപ്പിച്ചു.സ്റ്റേഷനിൽ മോഹൻലാലിന്റെ ചെവിക്ക് പിടിക്കുന്ന സീനും ഷൺമുഖത്തിന്റെ വീട്ടിൽ വരുന്ന സീനും ഓഡിഷനിൽ തന്നെ ഒറ്റടേക്കിൽ ഓക്കെയാക്കി, മെല്ലെ പ്രകാശ്  ജോർജായി പരുവപ്പെട്ടു. തുടങ്ങി. എടുപ്പിലും നടപ്പിലും മാനറിസത്തിലും വരെ ക്ലിയർ കട്ട് വില്ലനായി മാറുന്ന ജോർജിനെയാണ് പിന്നെ സംവിധായകൻ കണ്ടത്. ഈ ഘട്ടത്തിൽ പ്രകാശിനുണ്ടായ ആത്മവിശ്വാസം കൂടി കൂടിച്ചേർന്നപ്പോഴാണ് ഇപ്പോൾ സ്ക്രീനിൽ കാണുന്ന ജോർജ് സാർ പൂർണതയിലേക്ക് വന്നത്.  

Prakash Varma, who stood by Mohanlal in the film

പക്ഷേ അതിനും മുൻപ് ഒറ്റവാക്കിൽ ആരാണ് ജോർജ് എന്നുള്ള ചോദ്യത്തിന് സംവിധായകനൊരു നിർവചനമുണ്ടായിരുന്നു. മാന്യനെന്ന് തോന്നിപ്പിക്കുന്ന എന്നാൽ  ഉള്ളുനിറയെ വിഷം നിറച്ച പാമ്പു പോലൊരു മനുഷ്യൻ ,ഇതുമാത്രം മതിയായിരുന്നു ജോർജ് ആരെന്ന് മനസിലാക്കാൻ അത് ആദ്യം ഏറ്റവും നന്നായി മനസിലായതും പ്രകാശിനാണ്. പുതുമുഖ താരത്തിന്റെ യാതൊരു സംഭ്രമവുമില്ലാതെ സാക്ഷാൽ മോഹൻലാലിനെ പോലും വിറപ്പിച്ച ജോർജിലേക്കുള്ള പരകായ പ്രവേശം സത്യത്തിൽ അവിടെ നിന്നാണ്. ഫൈറ്റ് സീനിലേക്ക് വന്നപ്പോഴും ആ മാജിക് തുടർന്നു. അസാമാന്യ മെയ് വഴക്കത്തിൽ ഇരുത്തം വന്ന ഫൈറ്ററെ പോലെ സ്ക്രീൻ നിറഞ്ഞാടുന്ന വില്ലൻ. യഥാർത്ഥത്തിൽ സിനിമയുടെ സെക്കൻഡ് ഹാഫ് എൻഗേജിങ്ങും ത്രില്ലിങ്ങും ആക്കിയത് ജോർജ് എന്ന കഥാപാത്രത്തിന്റെ സ്ക്രീൻ പ്രസൻസ് കൂടിയാണ്.

facebook twitter