കൊച്ചി: ഒരു വിവാഹമെന്നാല്‍ ഇക്കാലത്ത് സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ലക്ഷങ്ങള്‍ പൊടിക്കുന്ന ആഘോഷമാണ്. സമ്പന്നരാകട്ടെ കോടികളാണ് വിവാഹ മാമാങ്കത്തിനായി ചെലവഴിക്കുന്നത്. എന്നാല്‍, വിവാഹധൂര്‍ത്ത് ഒഴിവാക്കിക്കൊണ്ട് ഇതിനായി മാറ്റവെച്ച തുകകൊണ്ട് നിര്‍ധനര്‍ക്ക് വീടൊരുക്കി ഒരു കുടുംബം.
മൂവാറ്റുപുഴയില്‍ കഴിഞ്ഞദിവസം നടന്ന വിവാഹം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. ലക്ഷങ്ങളും കോടികളും മുടക്കി മറ്റുള്ളവരുടെ മുന്നില്‍ മേനി നടിക്കുന്നതിന് പകരം ആ തുകകൊണ്ട് സമൂഹത്തിന് ഒരു നന്മ ചെയ്ത് സന്തോഷം നേടിയത് ബിനോയിയും ചിന്നുവും അവരുടെ കുടുംബവുമാണ്.
ബിനോയിയും ചിന്നുവും രജിസ്റ്റര്‍ ഓഫിസില്‍ വച്ച് വിവാഹിതരായപ്പോള്‍, വിവാഹ ചെലവിനായി മാറ്റിവച്ചിരുന്ന 5,80,000 രൂപ, സ്വന്തം വീടില്ലാതെ കുടിലില്‍ കഴിഞ്ഞിരുന്ന രോഗിയായ സുരേന്ദ്രനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാകാന്‍ ഉപകരിച്ചു. സാമൂഹികപ്രവര്‍ത്തകയായ എംഎസ് സുനിലിന്റെ നേതൃത്വത്തിലാണ് വീട് നിര്‍മിച്ചുനല്‍കിയത്.
റിട്ട. അധ്യാപകരായ മാതാപിതാക്കള്‍ പി. എം .സ്‌കറിയയും കെ.പി .സാറാമ്മയും, സുരക്ഷിതമല്ലാത്ത കുടിലില്‍ കഴിഞ്ഞിരുന്ന രോഗിയായ സുരേന്ദ്രനും കുടുംബത്തിനും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയതായി സുനില്‍ പറയുന്നു.
കല്യാണ ദിവസം തന്നെ വീടിന്റെ താക്കോല്‍ദാനവും നിര്‍വഹിക്കാന്‍ സാധിച്ചത് ഏറെ അനുഗ്രഹം. ബിനോയിയും ചിന്നുവും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ഇവര്‍ നല്‍കിയത് ഒരു കുടുംബത്തിന്റെ ചിരകാല വീടെന്ന സ്വപ്നസാഫല്യം. ഇവരാണ് ഭൂമിയിലെ മാലാഖമാര്‍. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ യുവമിഥുനങ്ങള്‍ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു. 347- മത് സ്‌നേഹഭവനം.പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെയെന്നും അവര്‍ കുറിച്ചു.