ആനപ്രേമികള്‍ക്ക് പ്രിയങ്കരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും റെക്കോര്‍ഡ് ഏക്കതുക. അക്കിക്കാവ് പൂരത്തിലെ കൊങ്ങണൂര്‍ ദേശം പൂരാഘോഷകമ്മിറ്റി പകല്‍ പൂര എഴുന്നെള്ളപ്പിന് മാത്രം ആനയെ ഏക്കത്തിനെടുത്തത് 13.50 ലക്ഷം രൂപക്കാണ്.
കഴിഞ്ഞ വര്‍ഷം ചാലിശ്ശേരി പൂരത്തിന് 1333333 രൂപയ്ക്ക് ചാലിശ്ശേരി പടിഞ്ഞാറെമുക്ക് പൂരാഘോഷ കമ്മിറ്റി രാമചന്ദ്രനെ ഏക്കത്തിനടുത്ത് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ഈ റെക്കോര്‍ഡാണ് ഇപ്പോള്‍ കൊങ്ങണൂര്‍ ദേശം മറികടന്നിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് അക്കികാവ് പൂരം. ചീരംകുളം ചെമ്മണൂര്‍ ഗ്രാമം പൂരാഘോഷ കമ്മിറ്റിയാണ് കൊങ്ങണൂര്‍ ദേശത്തിനൊപ്പം ആനയെ ലേലത്തിന് എടുക്കാന്‍ മത്സരിച്ചത്. പകല്‍ പൂരത്തിന് ഉച്ചതിരിഞ്ഞ് നിശ്ചിത സമയത്തിന് മാത്രമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിക്കാറുള്ളത്. രാത്രി പുരത്തിന് മറ്റൊരു ആനയെയാണ് പകരമായി എഴുന്നെള്ളിക്കാറുള്ളത്. തെച്ചിക്കോട്ടുകാവ് ക്ഷേത്ര ഓഫീസിലാണ് ലേലം നടന്നത്.