പാലക്കാട് മരുതൂര്‍ ക്ഷേത്രത്തില്‍ മോഷണം

11:15 AM Apr 22, 2025 |


പാലക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മരുതൂര്‍ തളി ശിവക്ഷേത്രത്തില്‍ മോഷണം. ക്ഷേത്രം ചുറ്റമ്പലത്തിനുള്ളിലേക്ക് പ്രവേശിക്കുന്ന ഇരുമ്പ് വാതിലിന്റെ പൂട്ട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് ക്ഷേത്രനടയിലെ രണ്ട് ഭണ്ഡാരങ്ങളുടെയും പൂട്ട് തകര്‍ത്ത് ഭണ്ഡാരത്തിലെ പണം കവര്‍ന്നു. 

ചുറ്റമ്പലത്തിനുള്ളിലെ ഉപദേവന്മാരുടെ മുന്നിലുള്ള 3 ഭണ്ഡാരങ്ങളും പൊളിച്ച് പണം കവര്‍ന്നു. മരുതൂര്‍ ആമയൂര്‍ റോഡില്‍ നിന്നും ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നിടത്ത് സ്ഥാപിച്ചിരുന്ന ഭണ്ഡാരത്തിന്റെ പൂട്ടു പൊളിച്ച് പണം കവര്‍ന്നിട്ടുണ്ട്. ഭണ്ഡാരങ്ങളെല്ലാം ഉപയോഗിക്കാന്‍ കഴിയാത്തവിധം തകര്‍ത്തിട്ടുണ്ട്. ഭണ്ഡാരം പൊളിക്കാന്‍ ഉപയോഗിച്ച മടവാള്‍ അടക്കമുള്ള ഉപകരണങ്ങള്‍ ക്ഷേത്ര നടയില്‍ ഉപേക്ഷിച്ചിരുന്നു. ക്ഷേത്രാധികാരികള്‍ പട്ടാമ്പി പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.