ജയില്‍ ചാടിയ ഗോവിന്ദച്ചാമിയോട് ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചയുമില്ല; ടി പി രാമകൃഷ്ണന്‍

07:04 AM Jul 26, 2025 | Suchithra Sivadas

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയില്‍ ചാടിയത് ഗുരുതരമായ വീഴ്ച തന്നെയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. ഗോവിന്ദച്ചാമിയോട് ഒരു വിധത്തിലുമുള്ള വിട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിയെ കണ്ടെത്തുക എന്ന പൊലീസിന്റെ ദൗത്യം പ്രശംസനീയമായ രീതിയില്‍ അവര്‍ ചെയ്തു. ചാടിപ്പോയ പ്രതിയെ ഉടന്‍തന്നെ പിടികൂടാന്‍ കേരള പൊലീസിനായെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. 

പൊലീസ് അത്രത്തോളം ശക്തമാണ് എന്നതിന്റെ തെളിവാണ് പ്രതിയെ പിടികൂടിയത്. കാര്യങ്ങളെ ആ നിലയ്ക്ക് വേണം കാണാന്‍. പ്രതി ചെയ്ത കുറ്റകൃത്യം കണക്കിലെടുത്ത് സാധ്യമായ എല്ലാ നിയമനടപടിയും ജയില്‍ അധികൃതര്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടത്തില്‍ പ്രതി ചാടിയിട്ടുണ്ടെങ്കില്‍ വീഴ്ച പറ്റിയിട്ടുണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചിരുന്നു. വീഴ്ച ഇല്ലെങ്കില്‍ എങ്ങനെ ചാടുമെന്നും ഗോവിന്ദച്ചാമി ചാടി എന്നുള്ളത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു. കുറച്ചുകഴിഞ്ഞ് പിടിച്ചു എന്നതും സത്യം. വീഴ്ച പറ്റുമെന്നും അത് ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.