ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഒരിക്കല്‍ക്കൂടി ഇന്ത്യ പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമാവുകയാണ്. അതിര്‍ത്തികടന്നുള്ള തീവ്രവാദത്തിന്റെ ഇരകളായ ഇന്ത്യ പാകിസ്ഥാന് പലകുറി മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ആവര്‍ത്തിക്കുന്ന ആക്രമണങ്ങള്‍ യുദ്ധഭീതയുണ്ടാക്കുന്നു. ഇന്ത്യ സൈനിക വിന്യാസം ശക്തമാക്കുകയും സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതോടെ യുദ്ധസമാനമായ ഒരു ആക്രമണം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം സംഭവിച്ചാല്‍ എന്താണ് സംഭവിക്കുക എന്ന ആകാംഷ പലര്‍ക്കുമുണ്ട്. ഇന്ത്യയും പാകിസ്ഥാനും ആണവായുധങ്ങളുള്ള രാജ്യങ്ങളായതിനാല്‍ ഇവ പ്രയോഗിക്കപ്പെട്ടാല്‍ ആഘാതം കനത്തതായിരിക്കും. പാകിസ്ഥാന്‍ ഇന്ത്യയേക്കാള്‍ ചെറിയ രാജ്യമായതിനാല്‍ ആ രാജ്യം തന്നെ ഇല്ലാതാക്കാന്‍ അണുവായുധത്തിന് ശേഷിയുണ്ട്.
കാശ്മീരിലെ നിയന്ത്രണ രേഖയില്‍ ഭീകരുടെ കേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടത്താനാകും ഇന്ത്യയുടെ നീക്കം. ഇന്ത്യയുടെ റഫാല്‍ ജെറ്റുകളാകും ഇതിന് നേതൃത്വം നല്‍കുക. അടുത്തിടെ ഇന്ത്യ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയിരുന്നു.
യുദ്ധം കനക്കുകയും ആണവ ആയുധങ്ങള്‍ പ്രയോഗിക്കുകയും ചെയ്താല്‍ കോടിക്കണക്കിന് മരണങ്ങള്‍ക്കും ആഗോള കാലാവസ്ഥാ പ്രതിസന്ധിക്കും കാരണമാകും. ഇന്ത്യയിലും പാകിസ്ഥാനിലും മാത്രമല്ല പല രാജ്യങ്ങളിലും ഇതിന്റെ പ്രത്യാഘാതമുണ്ടാകും. വ്യാപാരം, നിക്ഷേപം, കാര്‍ഷിക ഉല്‍പാദനം എന്നിവയെല്ലാം തടസ്സപ്പെടും.
യുദ്ധം ഭയന്ന് കോടിക്കണക്കിന് ആളുകള്‍ പലായനം ചെയ്യേണ്ടിവരും. ഇന്ത്യയിലും പാകിസ്ഥാനിലും ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചേക്കാം. പാകിസ്ഥാനില്‍ ഹിന്ദുക്കളും ഇന്ത്യയില്‍ മുസ്ലീങ്ങളും ആക്രമണത്തിന് ഇരയായേക്കും.
യുദ്ധമുണ്ടായാല്‍ ഏറ്റവും അപകടസാധ്യതയുള്ള പ്രദേശങ്ങളിലൊന്നാണ് ജമ്മു കാശ്മീര്‍. ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയായതിനാല്‍ ഇവിടെയാകും ആക്രമണത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം. അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവയും ഡല്‍ഹി, മുംബൈ തുടങ്ങിയ നഗരങ്ങളുമാകും പാകിസ്ഥാന്‍ ലക്ഷ്യമാക്കുക. അതേസമയം, പാകിസ്ഥാന്‍ മുഴുവനായും ആക്രമിക്കാവുന്ന ആയുധങ്ങള്‍ ഇന്ത്യയുടെ കൈയ്യിലുണ്ടെന്നതിനാല്‍ കോടിക്കണക്കിന് ജനങ്ങളെ യുദ്ധം ബാധിച്ചേക്കും.
യുദ്ധമുണ്ടായാല്‍ മനുഷ്യ, സാമ്പത്തിക, പരിസ്ഥിതി നാശം ഭീകരമായിരിക്കും. അന്താരാഷ്ട്ര ഇടപെടലുണ്ടായാല്‍ ആണവ യുദ്ധം ഒഴിവാകുമെങ്കിലും പാക് പ്രദേശത്ത് ഇന്ത്യ ആക്രമണം നടത്താനുള്ള സാധ്യത ഏറെയാണ്.