ഗൂഢാലോചന നടത്തുകയോ യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ല; ട്രംപിന് ചൈനയുടെ മറുപടി

08:54 AM Sep 14, 2025 |


ചൈനയ്ക്ക് മേല്‍ 100 ശതമാനം വരെ നികുതി ചുമത്തുമെന്ന മുന്നറിയിപ്പിനും റഷ്യന്‍ എണ്ണ വാങ്ങുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍ നിര്‍ത്തണമെന്നുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യത്തിന് പിന്നാലെ ട്രംപിന് മറുപടിയുമായി ചൈന. യുദ്ധങ്ങള്‍ക്ക് ഗൂഢാലോചന നടത്തുകയോ യുദ്ധങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് ചൈന വ്യക്തമാക്കി. യുദ്ധം പ്രശ്‌നങ്ങള്‍ പരിഹരിക്കില്ലെന്നും ഉപരോധങ്ങള്‍ അവയെ സങ്കീര്‍ണ്ണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.
നാറ്റോ അംഗങ്ങളെ അഭിസംബോധന ചെയ്ത ഒരു കത്തിലൂടെയാണ് ട്രംപ് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്.
'എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണം. റഷ്യയ്ക്കെതിരെ വലിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്. സഖ്യം കൂട്ടായി പ്രവര്‍ത്തിക്കണം', ട്രംപ് ആവശ്യപ്പെട്ടു. നാറ്റോയില്‍ അംഗങ്ങളായ രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാല്‍ മാത്രമേ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയൂ എന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയില്‍നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് നാറ്റോ അംഗമായ തുര്‍ക്കിയും. ഓഗസ്റ്റ് മാസത്തിലും റഷ്യയില്‍ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയ രാജ്യം ചൈനയായിരുന്നു.