ഒറ്റക്കോലമായി തീയിൽ പുകഞ്ഞ തെയ്യക്കാരുടെ സമാനതകളില്ലാത്ത ജീവിതകഥ !

02:35 PM May 14, 2025 |


ചുട്ടുപൊള്ളുന്ന കനൽകുന്നിൽ നെഞ്ചുതല്ലി വീണുരുണ്ട് അ​ഗ്നിയെ പരിഹസിക്കുന്ന തെയ്യക്കോലം, വിഷ്ണുമൂർത്തിയെന്നും ഒറ്റക്കോലമെന്നും വിളിപ്പേരുള്ള തീച്ചാമുണ്ടി. തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ജൻമിയുടെ വാളിനിരയായി തീർന്ന പാലന്തായി കണ്ണന്റെ ജീവിതമാണ് തീച്ചാമുണ്ടിയായി കെട്ടിയാടുന്നത്. തെയ്യാനുഷ്ഠാനത്തിൽ കോലക്കാരുടെ ശരീരമേറ്റെടുക്കുന്ന സഹനങ്ങൾക്ക് സമാനതകളില്ല. മനുഷ്യശരീരത്തെ നമുക്ക് സങ്കല്പിക്കാനാകുന്നതിനും അപ്പുറം പരീക്ഷിക്കുന്ന തെയ്യമാണ് ഒറ്റക്കോലമെന്ന തീച്ചാമുണ്ഡി.

മൂന്നൂറ് ഡിഗ്രിയിലധികം ചൂടുള്ള ഒരു കനൽക്കൂനയിലേക്കാണ് ഒരു മനുഷ്യനായ തെയ്യം എടുത്ത് ചാടുന്നത്. ലോകത്തിൽ എവിടെയും കാണാത്ത അങ്ങേയറ്റം അപകടകരമായ ഒരു ഒരു അനുഷ്ഠാന കലയാണിത്.

 പകൽ മുഴുവൻ വിറക് കത്തിച്ച കനൽ ഒരു കൂനയായി കൂട്ടിയിടും. ഈ തീക്കുണ്ഡത്തിലേക്ക് ആണ് തീച്ചാമുണ്ഡി ചാടുന്നത്. അരയിൽ കെട്ടിയ കയർ കുറെ ആളുകൾ പിടിച്ചിരിക്കും. ഇവരാണ് തീച്ചാമുണ്ഡിയെ തീയിലേക്കു വലിച്ചിടുന്നതും തിരിച്ചെടുക്കുന്നതും. ഇവരുടെ ശ്രദ്ധ ഒന്ന് പാളി പോയാൽ മാരകമായി പൊള്ളലേൽക്കും.  ഒന്നും രണ്ടും തവണയല്ല, ഈ പൊള്ളുന്ന തീകനലിൽ നൂറിലധികം തവണയാണ് തീച്ചാമുണ്ഡി കോലം തീയിൽ ചാടേണ്ടത്!

ഈ അനുഷ്ഠാനം നിരവധി ആരോ​ഗ്യ പ്രശ്നങ്ങൾ ഉടൽ എടുക്കുന്നതിന് കാരണമാകും. കടുത്ത രോഗത്തെയും വേദനയെയും കടിച്ചമർത്തിയാണ് തെയ്യം നമുക്കിന്ന് അനുഗ്രഹങ്ങൾ തരുന്നത്. ഈ ആചാരങ്ങൾ കാരണം ദുരിത പൂർണമായ ജീവീതമാണ് മലബാറിലെ നിരവധി തെയ്യം കലാകാരൻമാർ നയിക്കുന്നത്. അതിനൊരു ഉ​ദാഹരണമാണ് തളിപ്പറമ്പിലെ ഷാജി പണിക്കർ.

നൂറിലധികം തവണ തീയിൽ ചാടിക്കുന്നതുൾപ്പെടെ മത്സര ബുദ്ധിയോടെയുള്ള ഇന്നത്തെ ആചാരങ്ങൾ  തുടർന്നുപോകുകയാണെങ്കിൽ കോലക്കാരുടെ ശിഷ്ടജീവിതം അങ്ങേയറ്റം ദുരിത പൂർണ്ണമായിരിക്കുമെന്നാണ് ഫോക്ലോർ മേഖലയിൽ പ്രവർത്തിക്കുന്ന ഗിരീഷ് പൂക്കോത്ത് പറയുന്നത്.

തീച്ചാമുണ്ഡി ആയി വേഷം കെട്ടുന്ന ഭൂരിഭാഗം പേരുടെയും പിന്നീടുള്ള ജീവിതം മരുന്നിന്റെയും യാതനയുടെയും ലോകത്താണ്. അതുപോലെ ജീവൻ പണയംവെച്ച് ആടുന്ന ഈ കലാകാരന്മാർക്ക് മതിയായ സുരക്ഷയെങ്കിലും ഒരുക്കണം. വരും തലമുറയെങ്കിലും ഇത്തരം  മത്സര ബുദ്ധിയോടെയുള്ള ആചാരങ്ങളിൽ നിന്ന് വ്യതിചലിക്കട്ടെ....