പൊയ്നാച്ചി: നഷ്ടപ്പെട്ട മാല ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീടിന്റെ വരാന്തയിൽ ഇരിക്കുന്നു. ഒപ്പം ഒരു കത്തും. ഇത്രയും ദിവസം മാല കയ്യിൽവെച്ചതിനും അതിന്റെ പേരിൽ വേദനിപ്പിച്ചതിനും മാപ്പു പറഞ്ഞുകൊണ്ടുള്ള കുറിപ്പായിരുന്നു ആ കത്ത്. മാല മോഷ്ടിച്ചതാണോ അതോ കളഞ്ഞുകിട്ടിയതാണോ എന്ന് കത്തിൽ വ്യക്തമാക്കുന്നില്ല. പൊയ്നാച്ചി പറമ്പ ലക്ഷ്മി നിവാസിൽ എം.ഗീതയുടെ നഷ്ടമായ 36 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് ആരോ വീടിന്റെ വരാന്തയിൽ കൊണ്ടുവച്ചത്.
ഇന്നലെ വീടിന്റെ വരാന്തയിൽ പ്രത്യക്ഷപ്പെട്ട മാലയ്‌ക്കൊപ്പം ഉണ്ടായിരുന്ന കത്ത് ഇങ്ങനെ – ‘ഈ മാല എന്റെ കൈകളിൽ കിട്ടിയിട്ട് ഇന്നേക്ക് 9 ദിവസമായി. ആദ്യം സന്തോഷിച്ചു. പിന്നീട് കയ്യിലെടുക്കുന്തോറും എന്തോ ഒരു നെഗറ്റീവ് ഫീൽ, ഒരു വിറയൽ. കുറേ ആലോചിച്ചു, എന്തു ചെയ്യണം. ഇത് കെട്ടുതാലിയാണെന്നുള്ള സന്ദേശം വാട്സാപിൽ കണ്ടു. പിന്നെ തീരുമാനിച്ചു, ആരാന്റെ മുതൽ വേണ്ടെന്ന്. എന്നെ പരിചയപ്പെടുത്താൻ താൽപര്യമില്ല. ഇത്രയും ദിവസം കയ്യിൽ വച്ചതിനും വേദനിപ്പിച്ചതിനും മാപ്പ്.. ’
ഈ മാസം നാലിനാണ് ഗീതയുടെ സ്വർണമാല നഷ്ടമായത്. നാലിന് വൈകിട്ട് ഭർത്താവ്, റിട്ട. റവന്യു ഉദ്യോഗസ്ഥൻ വി ദാമോദരനൊപ്പം ബസിൽപോയി പൊയ്‌നാച്ചിയിൽനിന്ന് പറമ്പയിലേക്ക് തിരികെ വീട്ടിലെത്തിയപ്പോഴാണ് 36 ഗ്രാം തൂക്കമുള്ള മാല നഷ്ടപ്പെട്ടതായി അറിയുന്നത്. പിന്നാലെ മേൽപറമ്പ് പൊലീസിൽ പരാതിനൽകി.
പൊലീസിന്റെ പൊതുജനക്കൂട്ടായ്മാ വാട്സാപ് ഗ്രൂപ്പിൽ മാല നഷ്ടമായ വിവരം ഷെയർചെയ്തു. ഇന്നലെ രാവിലെ 10.30ന് ഗീതയും ദാമോദരനും പൊയ്‌നാച്ചിയിലേക്കു പോകാൻ ഇറങ്ങുമ്പോഴാണ് വരാന്തയിലെ ഇരിപ്പിടത്തിൽ കുറിപ്പും സ്വർണവും കണ്ടത്. കത്തിനു താഴെ സമീപത്തെ സ്ഥല നാമമായ ‘കുണ്ടംകുഴി’ എന്ന് എഴുതിയിട്ടുണ്ട്.