തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ ശക്തിയിലൂ​ടെ തി​രു​പ്പ​റ​കു​ൺ​റം പ്രശ്നം പരിഹരിക്കാൻ കഴിയും : മോഹൻ ഭാഗവത്

12:05 PM Dec 12, 2025 | Neha Nair

തിരുച്ചി : തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ ശക്തിയിലൂ​ടെ തി​രു​പ്പ​റ​കു​ൺ​റം പ്രശ്നം പരിഹരിക്കാൻ കഴിയു​മെന്ന് ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്. പ്രശ്നം ഹിന്ദുക്കൾക്ക് അനുകൂലമായി പരിഹരിക്കപ്പെടണമെന്നും തമിഴ്‌നാട്ടിലെ തിരുച്ചിയിൽ നടന്ന ‘100 വർഷത്തെ സംഘയാത്ര - പുതിയ ചക്രവാളങ്ങൾ’ എന്ന പരിപാടിയിൽ അദ്ദേഹം പറഞ്ഞു.

‘തി​രു​പ്പ​റ​കു​ൺ​റം പ്രശ്നം ഏറ്റെടുക്കണമെങ്കിൽ ഞങ്ങൾ ഇടപെടും. പക്ഷേ ഇപ്പോൾ അതാവശ്യമില്ലെന്ന് കരുതുന്നു. വിഷയം കോടതിയുടെ പരിഗണനയിലാണ്. അതവി​ടെ പരിഹരിക്കട്ടെ. തമിഴ്‌നാട്ടിലെ ഹിന്ദു ഉണർന്നാൽ തന്നെ ആഗ്രഹിച്ച ഫലം കിട്ടുമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾ ഇടപെടണമെങ്കിൽ തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന ഹിന്ദു സംഘടനകൾ ഞങ്ങളെ അറിയിക്കും, അപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കാം. സംസ്ഥാനത്തെ ഹിന്ദുക്കളുടെ ശക്തിയിലൂ​ടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ഞങ്ങൾ അത് രൂക്ഷമാക്കേണ്ടതില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്: പ്രശ്നം ഹിന്ദുക്കൾക്ക് അനുകൂലമായി പരിഹരിക്കണം. അത് ഉറപ്പാണ്. അതിന് ഞങ്ങൾ എന്ത് വേണമെങ്കിലും ചെയ്യും’ -ഭാഗവത് പറഞ്ഞു.

ദേശീയ തലത്തിൽ സംഘടന ഈ വിഷയം ഏറ്റെടുക്കുമോ എന്ന ബി.ജെ.പി നേതാവ് എച്ച് രാജയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ആർ‌എസ്‌എസ് മേധാവി. ഫെബ്രുവരിയിൽ തി​രു​പ്പ​റ​കു​ൺ​റം വിഷയത്തെ ദക്ഷിണേന്ത്യയിലെ അയോധ്യ എന്നാണ് രാജ വിശേഷിപ്പിച്ചത്.