തിരുവന്തപുരം: തിരുവന്തപുരത്ത് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതി പിടിയിൽ. കഴക്കൂട്ടം സ്വദേശിയായ 26കാരൻ മൺവിള പൂവാലിയിൽ വീട്ടിൽ അനൂജിനെയാണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് പീഡനത്തിന് ഇരയായ യുവതി അനൂജിനെതിരെ തുമ്പ പൊലീസിൽ പരാതി നൽകിയത്. വിദേശത്തായിരുന്ന പ്രതിയുടെ വിവാഹം കുറച്ചുനാൾ മുമ്പ് നടന്നിരുന്നു. എന്നാൽ ഇക്കാര്യം മറച്ചു വെച്ചാണ് അനൂജ് പരാതിക്കാരിയായ യുവതിയുമായി അടുക്കുന്നത്. പിന്നീട് വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി വിവാഹകാര്യം പറഞ്ഞതോടെ അനൂജ് ഒഴിഞ്ഞ് മാറി. ഇതോടെയാണ് യുവതി ചതി മനസിലാക്കിയത്.
പിന്നാലെ യുവതി തുമ്പ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് കഴക്കൂട്ടത്ത് വച്ചാണ് പ്രതി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത അനൂജിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.