തിരുവനന്തപുരം : എന്‍ജിനിലെ കംപ്രസര്‍ തകരാറായി യാത്രമുടങ്ങി വിഴിഞ്ഞം പുറംകടലില്‍ തുടരുന്ന വിദേശ ചരക്കു കപ്പലിന് 48 മണിക്കൂറിനുള്ളിൽ ഇന്ത്യന്‍ തീരം വിട്ടുപോകണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി കോസ്റ്റ് ഗാര്‍ഡ് . ചെന്നൈയില്‍നിന്ന് ദുബായ് തുറമുഖത്തേക്ക് പോകുകയായിരുന്ന എം.വി സിറാ എന്ന ബള്‍ക്ക് ക്യാരിയര്‍ ചരക്കുകപ്പലിനോടാണ് അടിയന്തരമായി തകരാര്‍ പരിഹരിച്ച് ഇന്ത്യന്‍ തീരം വിടാന്‍ കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷന്‍ അധികൃതര്‍ നിര്‍ദേശിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കപ്പല്‍ ഇവിടെ തുടരുകയാണ്. കപ്പല്‍ ദിവസങ്ങളായി ഇവിടെ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ കോസ്റ്റ്ഗാര്‍ഡിന്റെ വിഴിഞ്ഞം സ്റ്റേഷനില്‍നിന്ന് സി-441 എന്ന കപ്പലെത്തി പരിശോധന നടത്തിയിരുന്നു. എന്‍ജിനിലെ കംപ്രസര്‍ തകരാറിലായതാണ് കപ്പല്‍ പുറപ്പെടുന്നതിന് തടസമായതെന്ന് ക്യാപ്ടനും ഈജിപ്ത്യന്‍ സ്വദേശിയായ അന്‍വര്‍ ഗാമല്‍ കോസ്റ്റ്ഗാര്‍ഡിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.
രാജ്യത്തിന്റെ നിലവിലെ സാഹചര്യമനുസരിച്ച് കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി കപ്പല്‍ പുറം കടലില്‍ തുടര്‍ന്നതിനാലാണ് കോസ്റ്റുഗാര്‍ഡിന്റെ ഉദ്യോഗസ്ഥരെത്തി കപ്പലിനുളളില്‍ പരിശോധന നടത്തിയത്. ഇന്ത്യക്കാരടക്കം 26 ജീവനക്കാരാണ് കപ്പലിലുളളതെന്നും ക്യാപ്റ്റന്‍ അറിയിച്ചു. കേരളാ മാരിടൈം ബോര്‍ഡിന്റെ വിഴിഞ്ഞം അധികൃതരോട് കപ്പലിന്റെ യന്ത്ര തകരാര്‍ പരിഹരിക്കുന്നതിന് സഹായംതേടിയിരുന്നു. എന്നാല്‍ തീരുമാനമായിരുന്നില്ല.
സ്പെയര്‍ പാര്‍ട്ട്സ് എത്തിക്കുന്നതിനുളള സഹായമാണ് ക്യാപ്റ്റന്‍ മാരിടൈം ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. കസ്റ്റംസ്, ഇമിഗ്രേഷന്‍ അടക്കമുളള ഏജന്‍സികളുടെ നടപടികള്‍ പൂര്‍ത്തിയാക്കിയാലേ സ്പെയര്‍ പാര്‍ട്ട്സും എത്തിക്കാനാകൂ. ഇതിനുളള ചര്‍ച്ചകളും പുരോഗമിക്കുന്നുവെന്നാണ് വിവരം. രാജ്യത്തെ നിലവിലെ സാഹചര്യമനുസരിച് വെസ്റ്റിന്‍ഡീസ് കേന്ദ്രമാക്കിയുളള കപ്പലിന് ഇവിടെ തുടരനാവില്ല.
അതിനാല്‍ തകരാര്‍ പരിഹരിച്ച് അതിവേഗം ഇന്ത്യന്‍ തീരം വിടണമെന്ന് കോസ്റ്റുഗാര്‍ഡ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. മാത്രമല്ല നിലവില്‍ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്ത് നിന്ന് അകലെ പോകണമെന്നും നിര്‍ദേശവും നല്‍കി. കപ്പലിന്റെ സാങ്കേതിക തകരാര്‍ പരിഹരിക്കുന്നതിനുളള കംപ്രസര്‍ ശനിയാഴ്ച എത്തിച്ച് കപ്പല്‍ രാത്രിയോടെ പുറപ്പെടും എന്നാണ് ലഭിക്കുന്ന വിവരം.