ഓണത്തിരക്കിനിടയിൽ മോഷണം;തിരുവനന്തപുരത്ത് KSRTC ബസിൽ യാത്രക്കാരിയുടെ 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു

11:48 AM Aug 31, 2025 |


പോത്തന്‍കോട്: തിരുവനന്തപുരം കെഎസ്ആര്‍ടിസി ബസില്‍ യാത്രാമധ്യേ വീട്ടമ്മയുടെ 20 പവന്‍ സ്വര്‍ണാഭരണങ്ങള്‍കവർന്നു. വാവരമ്പലം എസ്എസ് മന്‍സിലില്‍ ഷമീന ബീവിയുടെ ബാഗിലുണ്ടായിരുന്ന 20 പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. നെടുമങ്ങാട് പനവൂര്‍ ആറ്റിന്‍പുറത്തുള്ള മരുമകളുടെ വീട്ടില്‍ പോയി തിരികേവരുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്.

വെഞ്ഞാറമൂടുനിന്ന് കെഎസ്ആര്‍ടിസി ബസില്‍ പോത്തന്‍കോട് ബസ് ടെര്‍മിനലില്‍ ഇറങ്ങി പച്ചക്കറിക്കടയില്‍ കയറി സാധനം വാങ്ങാന്‍ ബാഗ് തുറക്കുമ്പോഴാണ് സ്വര്‍ണം നഷ്ടമായ വിവരം അറിയുന്നത്. ആറു വള, ഒരു നെക്ലസ്, രണ്ട് ജോഡി കമ്മല്‍, അഞ്ച് മോതിരം എന്നിവയാണ് നഷ്ടപ്പെട്ടതെന്ന് ഷമീന ബീവി നല്‍കിയ പരാതിയില്‍ പറയുന്നു. ഹാന്‍ഡ് ബാഗിനുള്ളില്‍ ചെറിയ പഴ്‌സിനകത്ത് ചെറിയ ബോക്‌സിനുള്ളിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ബാഗിന്റെയും ചെറിയ പഴ്‌സിന്റെയും സിബ്ബ് തുറന്നാണ് സ്വര്‍ണം കവര്‍ന്നത്.

എവിടെ വെച്ചാണ് സ്വര്‍ണം മോഷണം പോയതെന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തന്‍കോട് പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. പോത്തന്‍കോട് പോലീസ് ഷമീന ബീവിയുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് അന്വേഷണം ആരംഭിച്ചു. ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസി ബസുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഓണത്തിരക്കായതിനാല്‍ കെഎസ്ആര്‍ടിസി ബസുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നതോടൊപ്പം മോഷണവും കൂടുകയാണ്. വെള്ളിയാഴ്ച കെഎസ്ആര്‍ടിസി ബസില്‍ പോത്തന്‍കോട് വന്നിറങ്ങിയ ആളുടെ 90,000 രൂപ നഷ്ടമായി. അദ്ദേഹം പോത്തന്‍കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതുപോലെ സ്ത്രീകളുടെ ബാഗുകളില്‍നിന്നു പലപ്പോഴായി 2000, 5000, 4000 രൂപ മോഷണം പോയതായും പറയപ്പെടുന്നുണ്ട്.

തിരക്കുള്ള ബസുകളില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ ബാഗില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണാഭരണങ്ങളും പണവും നഷ്ടപ്പെടാതെ ശ്രദ്ധയോടെ യാത്ര ചെയ്യണമെന്ന് പോത്തന്‍കോട് പോലീസ് അറിയിച്ചു.