മദ്യലഹരിയിൽ തർക്കം : തിരുവനന്തപുരത്ത് മകനെ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി

01:27 PM Sep 07, 2025 |


തിരുവനന്തപുരം :  കഴക്കൂട്ടം ഉള്ളൂർക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂർകോണം വലിയവിള പുത്തൻവീട്ടിൽ ഉല്ലാസിനെ (35) ആണ് വീട്ടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവ് ഉണ്ണികൃഷ്ണൻ നായരെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. പോത്തൻകോട് പൊലീസ് സംഭവത്തിൽ അന്വേഷണമാരംഭിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടുമണിയോടെ ഉണ്ണികൃഷ്ണനാണ് തൊട്ടടുത്ത വീട്ടിലുണ്ടായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ച് കിടക്കുന്നതായി പറഞ്ഞത്. തുടർന്ന് അമ്മ ഉഷ വീട്ടിലെത്തി നോക്കുമ്പോൾ വീട്ടിലെ ഹാളിൽ മകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പോത്തൻകോട് പൊലീസിൽ വിവരം അറിയിച്ചു. മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ കൊലപാതകം നടന്നെന്നാണ് പ്രാഥമിക വിവരം. അച്ഛനും മകനും സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമായതിനാൽ ഉണ്ണികൃഷ്ണന്റെ ഭാര്യ ഉഷ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.