തിരുവനന്തപുരം : ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തിൽ അധ്യാപകന്‍ കേരള സർവകലാശാലയ്ക്ക് വിശദീകരണം നല്‍കി. കോളേജ് അധ്യാപകൻ പ്രമോദാണ് കേരള സര്‍വകലാശാലയ്ക്ക് വിശദീകരണം നൽകിയത്. ഉത്തരക്കടലാസുകള്‍ നഷ്ടമായതിന് പിന്നാലെ പൊലീസില്‍ വിവരമറിയിച്ചെന്നും അടുത്ത ദിവസം സര്‍വകലാശാലയെ വിവരമറിയിച്ചെന്നും അധ്യാപകന്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് തിങ്കളാഴ്ച റജിസ്ട്രാര്‍ വൈസ് ചാന്‍സലര്‍ക്ക് കൈമാറും. തുടര്‍ന്നാകും അധ്യാപകനെതിരെ നടപടി കൈക്കൊള്ളുക.
എം ബി എ അവസാന വര്‍ഷ വിദ്യാര്‍ഥികളായ 71 പേരുടെ ഉത്തരക്കടലാസുകളാണ് അധ്യാപകനായ പ്രമോദില്‍ നിന്നും നഷ്ടമായത്. പ്രമോദിനെ പരീക്ഷ ചുമതലകളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ സര്‍വകലാശാല തീരുമാനിച്ചിരുന്നു. അതിന്റെ മുന്നോടിയായിട്ടാണ് അധ്യാപകന്റെ ഭാഗം കൂടി സര്‍വകലാശാല കേട്ടത്. സര്‍വകലാശാലാ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍, പരീക്ഷാ കമ്മീഷണര്‍ എന്നിവരാണ് അധ്യാപകനില്‍ നിന്ന് മൊഴിയെടുത്തത്. റിപ്പോര്‍ട്ട് ഈ മാസം ഏഴിന് വൈസ് ചാന്‍സലര്‍ക്ക് നല്‍കുമെന്ന് രജിസ്ട്രാര്‍ വ്യക്തമാക്കി.
ഉത്തരക്കടലാസുകള്‍ നഷ്ടമായത് എങ്ങനെ എന്ന് ഹിയറിങ്ങില്‍ അധ്യാപകന്‍ പ്രമോദ് വിശദീകരിച്ചു. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയെന്നും തൊട്ടടുത്ത ദിവസം സര്‍വകലാശാലയെ വിഷയം ധരിപ്പിച്ചെന്നും പ്രമോദ് മാധ്യമങ്ങളോട് വ്യക്തമാക്കി. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാനുള്ള നിര്‍ദേശം നേരത്തെ വൈസ് ചാന്‍സലര്‍ കോളേജ് മാനേജ്‌മെന്റിന് നല്‍കിയിരുന്നു. അതിലും ഉടന്‍ നടപടി ഉണ്ടാകും.