+

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍; വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു

വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള സർക്കാർ നടപടി പുരോഗമിക്കുന്നതിനിടെയാണ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകാനുള്ള വിജിലൻസ് റിപ്പോർട്ടറിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരിക്കുന്നത്.

തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍. അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കികൊണ്ടുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. പി വി അന്‍വറിന്റെ പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം. 

വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയ ഡിജിപിയെ തിരഞ്ഞെടുക്കാനുള്ള സർക്കാർ നടപടി പുരോഗമിക്കുന്നതിനിടെയാണ് അജിത് കുമാറിന് ക്ലീൻചിറ്റ് നൽകാനുള്ള വിജിലൻസ് റിപ്പോർട്ടറിന് മുഖ്യമന്ത്രി അംഗീകാരം നൽകിയിരിക്കുന്നത്.

കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തിന് മലപ്പുറം എസ് പി സുജിത് ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത് കുമാറിന് ലഭിച്ചുവെന്നുമായിരുന്നു അൻവറിൻ്റെ ആരോപണം. എന്നാല്‍ പൂര്‍ണ്ണമായും തെറ്റാണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിന് തൊട്ടുമുന്‍പ് 2016 ഫെബ്രുവരി പത്തൊന്‍പതിന് കവടിയാറില്‍ അജിത് കുമാര്‍ ഫ്‌ളാറ്റ് വാങ്ങി. 33,80,100 രൂപയായിരുന്നു അതിന്റെ വില. പത്ത് ദിവസത്തിന് ശേഷം 65 ലക്ഷം രൂപയ്ക്ക് ഈ ഫ്‌ളാറ്റ് വിറ്റു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ഫ്ലാറ്റ് ആരാണ് വാങ്ങിയതെന്നത് അടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രേഖകളും പി വി അന്‍വര്‍ പുറത്തുവിട്ടിരുന്നു.

കവടിയാറില്‍ നടക്കുന്ന ആഡംബര വീട് നിര്‍മ്മാണത്തിലും ക്രമക്കേട് ആരോപിച്ചിരുന്നു. എന്നാല്‍ വീട് നിര്‍മ്മാണത്തിനായി എസ്ബിഐയില്‍ നിന്നും ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്ന് കണ്ടെത്തിയതായും വീട് നിര്‍മ്മാണം സര്‍ക്കാരിനെ അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ അജിത് കുമാര്‍ ശ്രമിച്ചുവെന്നും ഇതിന്റെ പ്രതിഫലമായി വന്‍ തുക പ്രതികളില്‍ നിന്ന് കൈപ്പറ്റിയെന്നും പി വി അന്‍വര്‍ എംഎല്‍എ ആരോപിച്ചിരുന്നു.
 
facebook twitter