ആശാ പ്രവര്‍ത്തകര്‍ സമരം ചെയ്യണം, പക്ഷെ സ്ഥലം മാറിപ്പോയി, ഒരു രൂപ പോലും വര്‍ദ്ധിപ്പിക്കാതെ യുഡിഎഫ്, കണക്കുകള്‍ അക്കമിട്ട് നിരത്തി മുന്‍ ധനമന്ത്രി

08:57 AM Mar 04, 2025 | Raj C

തിരുവനന്തപുരം: ഒരുവിഭാഗം ആശാ വര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് നടത്തിവരുന്ന സമരത്തില്‍ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. ആശാ വര്‍ക്കര്‍മാര്‍ സമരം ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ ഏജീസ് ഓഫീസിനു മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരാണ് 1,000 രൂപയുണ്ടായിരുന്ന ഓണറേറിയം 7,000 രൂപയാക്കി ഉയര്‍ത്തിയത്. യുഡിഎഫ് അധികാരത്തിലിരുന്നപ്പോള്‍ ഒരു രൂപ പോലും അധികമായി നല്‍കിയില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

ആശാ പ്രവര്‍ത്തകര്‍ സമരം ചെയ്യുകതന്നെ വേണം. പക്ഷേ, സ്ഥലം മാറിപ്പോയി. സംസ്ഥാന സെക്രട്ടേറിയറ്റിനു മുന്നിലല്ല തൊട്ടടുത്ത കേന്ദ്ര സര്‍ക്കാരിന്റെ ഏജീസ് ഓഫീസിനു മുന്നിലാണ് സമരം ചെയ്യേണ്ടത്.

ആരൊക്കെയാണ് ഇപ്പോള്‍ ഐക്യദാര്‍ഡ്യവുമായി വരുന്നത്? പ്രിയങ്ക ഗാന്ധി വരെ പ്രസ്താവിച്ചു കഴിഞ്ഞു. ''യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആശമാരുടെ വേതനം ഉയര്‍ത്തും''. അവരെ ഒരനുഭവം ഓര്‍മ്മിപ്പിക്കുകയാണ്. സമരം നയിക്കുന്ന എസ്.യു.സിക്കാരെയും.

2007-ല്‍ സിഐടിയു സെക്രട്ടേറിയറ്റിനു മുന്നില്‍ നീണ്ട സമരം നടത്തി. ചര്‍ച്ചയ്ക്കു വന്നത് മറ്റാരുമല്ല. സ. ഇളമരം കരീം ആയിരുന്നു. 600 രൂപ ഉണ്ടായിരുന്ന ഹോണറേറിയം 6000 രൂപായാക്കാമെന്നു പറഞ്ഞ് സമരം ഒത്തുതീര്‍പ്പായി. എല്ലാവര്‍ഷവും 1000 രൂപ വച്ചു വര്‍ദ്ധിപ്പിക്കും എന്നായിരുന്നു ധാരണ. ആ ധാരണ ധനമന്ത്രി ആയിരുന്ന ഞാന്‍ പാലിച്ചു.

2016-ല്‍ വീണ്ടും ധനമന്ത്രി ആയപ്പോള്‍ ആശമാരുടെ ഹോണറേറിയം 6000 രൂപ തന്നെ. ഒരു രൂപ വര്‍ദ്ധിപ്പിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അവരാണ് ഇപ്പോള്‍ ഇനി അധികാരത്തില്‍ വന്നാല്‍ ഹോണറേറിയം വര്‍ദ്ധിപ്പിക്കാമെന്ന വാഗ്ദാനവുമായി വന്നിരിക്കുന്നത്.

ഏതായാലും എല്‍ഡിഎഫ് സര്‍ക്കാര്‍ തന്നെയാണ് വീണ്ടും 1000 രൂപ വര്‍ദ്ധന നല്‍കിയത്. അങ്ങനെയാണ് ഇന്‍സെന്റീവിന്റെ കേന്ദ്ര-സംസ്ഥാന വിഹിതവുംകൂടി ചേര്‍ത്താല്‍ കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന തുകയായ 13500 രൂപ വരെ ലഭിക്കുന്ന സ്ഥിതിയുണ്ടായത്.

ഐക്യദാര്‍ഢ്യവുമായി ചെല്ലുന്ന മറ്റൊരു കൂട്ടര്‍ സുരേഷ് ഗോപിയും ബിജെപിക്കാരുമാണ്. എന്തൊരു ബഹുമാനപുരസരമാണ് കേന്ദ്രമന്ത്രിയെ സമരപന്തലില്‍ സ്വീകരിക്കുന്നത്. കേന്ദ്ര പദ്ധതിയല്ലേ? എന്തുകൊണ്ട് ആശമാരെ തൊഴിലാളികളായി അംഗീകരിച്ച് മിനിമം വേതനം ഇതുവരെ പ്രഖ്യാപിച്ചില്ലായെന്ന് ഒരാളും ചോദിക്കുന്നില്ല. കേന്ദ്രത്തിന്റെ നക്കാപ്പിച്ചാ അലവന്‍സ് തന്നെ 100 കോടി രൂപ കുടിശികയാക്കിയതെങ്കിലും അടിയന്തരമായി കൊടുത്തുകൂടേ എന്നൊരു ചോദ്യവുമില്ല.

പറയാതവയ്യ. ആശാ പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ക്കുപരി സംസ്ഥാന സര്‍ക്കാരിനെതിരായ ഒരു രാഷ്ട്രീയ സമരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.
അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. ശ്രീ. എ.കെ. ആന്റണിയാണ് അതു ചോദിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഹോണറേറിയം വര്‍ദ്ധിപ്പിച്ച് സമരം നിര്‍ത്തിക്കൂടേ? അതിനുള്ള പാങ്ങ് ഇപ്പോള്‍ ഇല്ല എന്നതാണ് ഉത്തരം.

കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഒരു സാമ്പത്തിക ഉപരോധം തന്നെ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ജനസംഖ്യയുടെ 2.6 ശതമാനം ജനങ്ങള്‍ അധിവസിക്കുന്ന കേരളത്തിന് കേന്ദ്ര നികുതി സംസ്ഥാന വിഹിതത്തിന്റെ 1.9 ശതമാനമാണ് നല്‍കുന്നത്. ആശമാരുടെ സ്‌കീമടക്കം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 1.6 ശതമാനമാണ് നല്‍കുന്നത്. വയനാടിനടക്കം നല്‍കിയ കേന്ദ്ര മൂലധന ചെലവിനായുള്ള സ്‌പെഷ്യല്‍ സ്‌കീമിന്റെ 1.1 ശതമാനം മാത്രമാണ് നല്‍കുന്നത്. കേന്ദ്ര ദുരന്തനിധിയില്‍ നിന്ന് വട്ടപൂജ്യം. കേന്ദ്ര സ്‌പെഷ്യല്‍ പാക്കേജുകളില്‍ കേരളം ഇല്ല. കിഫ്ബിയുടെ പേരില്‍ വായ്പ വെട്ടുന്നു. ആശമാര്‍ക്ക് അടക്കമുള്ള കേന്ദ്ര സഹായം കൂടിശികയാക്കുന്നു. ഈ സാമ്പത്തിക ഉപരോധത്തിനെതിരായ സമരത്തില്‍ അണിനിരക്കുകയാണ് ഏതൊരു മലയാളിയും ചെയ്യേണ്ടത്.

കേന്ദ്ര വിവേചനം അവസാനിപ്പിക്കുമെങ്കില്‍ ആശമാരുടെ ഹോണറേറിയവും പാവപ്പെട്ടവരുടെ ആനുകൂല്യങ്ങളും ഇനിയും വര്‍ദ്ധിപ്പിക്കും. പണമുണ്ടെങ്കില്‍ അതിന് യാതൊരു മടിയുമില്ലാത്തവരാണ് ഇടതുപക്ഷം എന്ന് അനുഭവം തെളിയിച്ചിട്ടുണ്ടല്ലോ. അതാണ് എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള വ്യത്യാസം. അതു മറക്കരുത്.