കേരളം പിന്നോക്കമാകണമെന്ന കേന്ദ്ര മന്ത്രിയുടെ ആഗ്രഹം നടക്കില്ല, നമ്മള്‍ നമ്പര്‍ വണ്‍ ആണ്, വിവരക്കേട് മറയ്ക്കാന്‍ കേരളത്തെ അപമാനിക്കരുത്

08:58 AM Feb 03, 2025 | Raj C

തിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതിന് പിന്നാലെ സംസ്ഥാനത്തെ അധിക്ഷേപിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്. കേരളത്തില്‍ കണക്കുകള്‍ അക്കമിട്ട് നിരത്തിയ അദ്ദേഹം സംസ്ഥാനം എല്ലാ കാര്യത്തിലും പിന്നോക്കമാകണമെന്ന ആഗ്രഹം നടക്കില്ലെന്നും പറയുന്നു.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

നടക്കില്ല ജോര്‍ജ് കുര്യന്‍ മന്ത്രിജി. കേരളത്തെ പിന്നോക്ക സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കഴിയില്ല. കേരളം നമ്പര്‍ വണ്‍ ആണ്. നിങ്ങള്‍ക്ക് ഇല്ലെങ്കിലും ഞങ്ങള്‍ക്ക് അതില്‍ അഭിമാനമുണ്ട്. ഈ നമ്പര്‍ വണ്‍ കേരളത്തെ സൃഷ്ടിച്ചതില്‍ ഒരു പങ്കുമില്ലാത്ത ഒരു പാര്‍ടി കേരളത്തില്‍ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ പാര്‍ടിക്കും പൂര്‍വഗാമികള്‍ക്കുമാണ്. അതുകൊണ്ട് നിങ്ങളെപ്പോലുള്ളവരുടെ കേരളത്തോടുള്ള പുച്ഛത്തില്‍ അത്ഭുതമില്ല. കേരളമെന്നു പറയില്ലല്ലോ. ഖേരളം എന്നല്ലേ സംഘികള്‍ പറയൂ.

കേരളം നമ്പര്‍ വണ്‍ ആകുമ്പോള്‍ അതിന്റേതായ പ്രശ്‌നങ്ങളും ഉണ്ടാകും. മറ്റു മഹാഭൂരിപക്ഷം സംസ്ഥാനങ്ങള്‍ക്കും അഭിമുഖീകരിക്കേണ്ടിവരില്ലാത്ത രണ്ടാംതലമുറ പ്രശ്‌നങ്ങളാണ് ഒന്നാമത്തേത്. സാമൂഹ്യ മേഖലകളില്‍ ഊന്നിയതുകൊണ്ട് പശ്ചാത്തലസൗകര്യങ്ങളില്‍ വേണ്ടത്ര നിക്ഷേപം നടത്താനായില്ല. തന്മൂലം പശ്ചാത്തലസൗകര്യങ്ങളില്‍ പിന്നോക്കമാണെന്നതാണ് രണ്ടാമത്തേത്. ഇവയ്‌ക്കൊക്കെ അടിയന്തരമായി പരിഹരം കണ്ടില്ലെങ്കില്‍ നേട്ടങ്ങള്‍ നിലനിര്‍ത്താനാവില്ല.

ഇതിനൊക്കെ ആവശ്യമായ പണം എവിടെ നിന്നും കണ്ടെത്തും? ഇപ്പോള്‍ തന്നെ കേരളത്തിന്റെ ചെലവിന്റെ 65 ശതമാനം നമ്മള്‍ തന്നെയാണ് കണ്ടെത്തുന്നത്. അതുകൊണ്ട് കേന്ദ്രത്തിന്റെ സഹായം വേണം. വെറുതേയല്ല. ഇവിടെ നിന്നും പിരിച്ചുകൊണ്ടു പോകുന്ന പണത്തിന്റെ 30 ശതമാനം മാത്രമല്ലേ ഇപ്പോള്‍ കേരളത്തിനു തിരിച്ചു തരുന്നുള്ളൂ. അതില്‍ നിന്നു മതി. മുഴുവന്‍ വേണ്ട. കുറച്ചുകൂടി.

കേന്ദ്രത്തില്‍ നിന്നും സംസ്ഥാനങ്ങള്‍ക്കു ധനസഹായം നല്‍കുന്നത് മൂന്ന് രീതികളിലാണ്. (1) ധനകാര്യ കമ്മീഷന്റെ ശുപാര്‍ശ പ്രകാരം. (2) കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ വഴി. (3) കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പദ്ധതികളിലൂടെ. ഇതില്‍ ധനകാര്യ കമ്മീഷന്‍ പിന്നോക്കാവസ്ഥ മാനണ്ഡമായെടുത്താണ് പണം വിതരണം ചെയ്യുന്നത്. പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഓരോ കമ്മീഷനും കൂടുതല്‍ കൂടുതല്‍ പണം അനുവദിക്കുന്നു. മുന്നോക്കം നില്‍ക്കുന്നവര്‍ക്ക് കൂടുതല്‍ കൂടുതല്‍ കൂടുതല്‍ കുറവും. അങ്ങനെ 3.8 ശതമാനം ധനകാര്യ കമ്മീഷന്റെ അവാര്‍ഡില്‍ വിഹിതമുണ്ടായ കേരളത്തിന് ഇപ്പോള്‍ 1.9 ശതമാനമായി. എന്തു ചെയ്യാം. ഒരു കമ്മീഷന്റെ അവാര്‍ഡ് അല്ലേ. സഹിക്കുകയേ നിര്‍വാഹമുള്ളൂ.

അതുകൊണ്ടാണ് കേന്ദ്രത്തോട് ചോദിക്കുന്നത്. അവിടെയും നമുക്ക് അവഗണനയാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എടുക്കൂ. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച പദ്ധതികളുടെയെല്ലാം മാനദണ്ഡം പിന്നോക്ക സംസ്ഥാനങ്ങളെ ഊന്നിയാണ്. നമ്മള്‍ തഴയപ്പെടുന്നു.

ഈ ബജറ്റില്‍ പറഞ്ഞ ഹൈസ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്ന പദ്ധതി എടുക്കൂ. പ്രൈമറി ക്ലാസുകളില്‍പ്പോലും ഇന്റര്‍നെറ്റ് എത്തിച്ച നമുക്ക് അതില്‍ നിന്ന് എന്തു കിട്ടാന്‍? അതുകൊണ്ടാണ് നമ്മള്‍ ഇന്ത്യയുടെ വ്യത്യസ്ഥതകള്‍ കണക്കിലെടുത്ത് ഒരേ ദേശീയ മാനദണ്ഡങ്ങള്‍ ഇത്തരം സ്‌കീമുകളില്‍ അടിച്ചേല്‍പ്പിക്കരുതെന്നു പറയുന്നത്. ഓരോ സംസ്ഥാനത്തിനും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സ്വന്തം സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആവിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യം വേണമെന്നു പറയുന്നത്. പക്ഷേ, ആരു കേള്‍ക്കാന്‍. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ഒരേ അഭിപ്രായക്കാരാണെന്നു പറയട്ടെ. കോണ്‍ഗ്രസും ഇത്തരമൊരു സ്വാതന്ത്ര്യം സംസ്ഥാനത്തിന് അനുവദിക്കാന്‍ തയ്യാറായിരുന്നില്ല.

ഈയൊരു സാഹചര്യത്തിലാണ് ഓരോ കേന്ദ്ര ബജറ്റിനു മുമ്പും കേരളത്തിന്റെ ധനമന്ത്രി കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ നമ്മുടെ ചില പ്രധാനപ്പെട്ട ആവശ്യങ്ങള്‍ നിവേദനമായി സമര്‍പ്പിച്ചത്. കേന്ദ്രത്തിന്റെ നേരിട്ടുള്ള പദ്ധതിയായോ പ്രത്യേക സഹായമായോ വേണം ഇവയ്ക്കു പണം നല്‍കാന്‍. ഇത്തവണ വയനാട് ദുരന്തം, വന്യജീവി ആക്രമണം, വിഴിഞ്ഞം, തോട്ടവിളകള്‍ എന്നിവയ്ക്കായിരുന്നു മുന്‍ഗണന. ബീഹാറിനും മറ്റും എന്തെല്ലാം സഹായങ്ങള്‍ പ്രത്യേകമായി നല്‍കി! കേരളത്തിന്റെ നിവേദനത്തിനു കടലാസു വില കല്പിച്ചോ, താങ്കള്‍ അടക്കം 2 മന്ത്രിമാര്‍ കേരളത്തില്‍ നിന്നുണ്ടായിട്ട്?

ഒക്കെപ്പോട്ടെ. ഒരു AIIMS എങ്കിലും? എവിടെയാണ് ജോര്‍ജ് കുര്യന്‍ AIIMS സ്വാഭാവികമായും ആദ്യം വരേണ്ടത്? അതൊരു ത്രിതീയ ആരോഗ്യ സ്ഥാപനമാണ്. പ്രാഥമിക ആരോഗ്യ മേഖലയില്‍ ഒന്നാം നമ്പറായിരിക്കുന്ന കേരളത്തില്‍ ഇനി വേണ്ടതു മികവുറ്റ ത്രിതീയ ആരോഗ്യ സ്ഥാപനങ്ങളാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇന്നും മുന്‍ഗണന വേണ്ടത് പ്രാഥമിക ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണല്ലോ. എന്നാല്‍ അവിടെയെല്ലാം AIIMS സ്ഥാപിച്ചശേഷവും കേരളത്തെ അവഗണിക്കുന്നതിനുള്ള ന്യായമെന്താണ്? കോണ്‍ഗ്രസും ഈ ചോദ്യത്തിന് ഉത്തരം നല്‌കേണ്ടതുണ്ട്. നിങ്ങളല്ലേ കൂടുതല്‍ കാലം ഇന്ത്യ ഭരിച്ചവര്‍? ഇത്ര വകതിരിവില്ലാത്തവരാണ് ഡല്‍ഹിയിലിരുന്നു ഭരിക്കുന്നവരും ഭരിച്ചവരും.

ഇനി ഒന്നുകൂടി പറയട്ടേ. നിങ്ങള്‍ പിന്നോക്കാവസ്ഥയുടെ പേര് പറഞ്ഞ് വാരിക്കോരി കൊടുക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉണ്ടല്ലോ. ഓരോ വര്‍ഷം കഴിയുംതോറും ദേശീയ ശരാശരി പ്രതിശീര്‍ഷ വരുമാനത്തില്‍ നിന്നും അവര്‍ പിന്നോക്കം പോയിക്കൊണ്ടിരിക്കുകയാണ്.

ഉദാഹരണത്തിന് ഏതാനും സംസ്ഥാനങ്ങളുടെ ദേശീയ ശരാശരി പ്രതീക്ഷിത വരുമാനമായുള്ള തോതില്‍ 1980-നും 1991-നും ഇടയ്ക്ക് വന്ന മാറ്റത്തിന്റെ കണക്ക് പറയട്ടെ. ബീഹാര്‍ 56 ശതമാനത്തില്‍ നിന്ന് 29 ശതമാനമായും യുപി 78 ശതമാനത്തില്‍ നിന്ന് 42 ശതമാനമായും എംപി 83 ശതമാനത്തില്‍ നിന്ന് 71 ശതമാനമായും ഒഡീഷ 81 ശതമാനത്തില്‍ നിന്ന് 71 ശതമാനമായും കുറഞ്ഞു. പണം വാരിക്കോരി കൊടുത്തിട്ടു കാര്യമില്ല. നയങ്ങള്‍ മാറണം. കേരളത്തെ കണ്ടുപഠിക്കാന്‍ ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോടു പറഞ്ഞാട്ടെ.

ഇപ്പോള്‍ മന്ത്രിജിക്കു മനസിലായോ വിടുവായത്തം പറഞ്ഞ പ്രശ്‌നത്തിന്റെ സങ്കീര്‍ണത. വിവരക്കേടു മറയ്ക്കാന്‍ ജനിച്ച നാടിനെ ഇങ്ങനെ അപമാനിക്കരുത്. താങ്കള്‍ കേരളത്തിലെ മറ്റു ബിജെപി നേതാക്കളെ അപേക്ഷിച്ച് കുറച്ചു മിതഭാഷിയും വകതിരിവുമുള്ള ആളാണെന്നാണു കരുതിയത്. മറിച്ചു പറയിപ്പിക്കരുത്.