+

പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ലെങ്കില്‍ 5,000 കോടി രൂപ നഷ്ടം, അത് വേണ്ടെന്ന് വെക്കണോ? ഇതിന്റെ പേരില്‍ സംഘപരിവാര്‍ അജണ്ട അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്ന മുന്നറിയിപ്പുമായി തോമസ് ഐസക്

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ലെങ്കില്‍ സര്‍വ ശിക്ഷാ അഭിയാന്‍ പ്രകാരമുള്ള ഫണ്ട് കേരളത്തിന് ലഭിക്കില്ലെന്ന നയം തിരിച്ചടിയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പിഎം ശ്രീയില്‍ ഒപ്പുവെച്ചില്ലെങ്കില്‍ സര്‍വ ശിക്ഷാ അഭിയാന്‍ പ്രകാരമുള്ള ഫണ്ട് കേരളത്തിന് ലഭിക്കില്ലെന്ന നയം തിരിച്ചടിയാണെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. 5,000 കോടിയോളം രൂപ നഷ്ടപ്പെടുത്താന്‍ മാത്രം സാമ്പത്തിക ഭദ്രത ഇപ്പോള്‍ കേരളത്തിനില്ല. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഒപ്പുവെച്ച പിഎം ശ്രീയില്‍ കേരളം ഒപ്പുവെക്കുന്നതില്‍ തടസ്സമില്ല. എന്നാല്‍, ഇതിന്റെ പേരില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
 
'പിഎം ശ്രീ'' ആണ് ഇപ്പോഴത്തെ വിവാദം. സിപിഐ(എം) മാപ്പ് പറയണമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഡിമാന്റ്. എന്തിന്? പാര്‍ടി പുത്തന്‍ വിദ്യാഭ്യാസ നയത്തെക്കുറിച്ചുള്ള നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. അതുസംബന്ധിച്ച വിമര്‍ശനം നാട്ടില്‍ പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. കോണ്‍ഗ്രസും വിമര്‍ശനവുമായി ഇറങ്ങിയിട്ടുണ്ട്. പിഎം ശ്രീ ഒപ്പ് ഇടുന്നത് സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയുടെ തെളിവാണെന്നാണ് അവരുടെപക്ഷം. സകല കോണ്‍ഗ്രസ് സര്‍ക്കാരുകളും ഈ പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. എന്നിട്ടാണ് കേരള സര്‍ക്കാരിനുമേല്‍ കുതിര കയറാന്‍ വരുന്നത്. 

ഇന്ത്യയിലെ ഫെഡറല്‍ സംവിധാനത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംസ്ഥാന സര്‍ക്കാരാണ് കേരളത്തിലേത്. കോണ്‍ഗ്രസാണ് സംസ്ഥാന വിഷയമായിരുന്ന വിദ്യാഭ്യാസത്തില്‍ കേന്ദ്രത്തിനുകൂടി കൈകടത്താനുള്ള അവസരമുണ്ടാക്കിയത്. ഇത് ഉപയോഗപ്പെടുത്തി ബിജെപി വര്‍ഗീയ വിദ്യാഭ്യാസ നയം ആവിഷ്‌കരിച്ചിരിക്കുകയാണ്. ഈ നയം നടപ്പിലാക്കില്ലായെന്ന് തീരുമാനമെടുത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നമ്മുടെ ബദല്‍ എന്തെന്ന് മനസിലാക്കുന്നതിന് കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍വന്ന മാറ്റങ്ങളെയൊന്ന് കണ്ണോടിച്ചാല്‍ മതി. 
ഇതിനിടെയാണ് പിഎം ശ്രീ എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയുമായി ബിജെപി സര്‍ക്കാര്‍ വരുന്നത്. ഒരു ബ്ലോക്കില്‍ രണ്ട് വീതം സ്‌കൂളുകള്‍ തെരഞ്ഞെടുത്ത്, മാതൃകാ വിദ്യാലയങ്ങളാക്കി മാറ്റുന്നതിനാണത്രേ ഈ പദ്ധതി. അങ്ങനെ രാജ്യത്തുടനീളം 14500 പിഎം ശ്രീ സ്‌കൂളുകളുണ്ടാകും. ഇതിനുവേണ്ടി 18128 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തേക്കായി വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകള്‍ 9232 കോടി രൂപ (40%) ചെലവഴിക്കണം. 

ഒരു പിഎം ശ്രീ സ്‌കൂളിന് 5 വര്‍ഷംകൊണ്ട് സംസ്ഥാന വിഹിതമടക്കം ഏതാണ്ട് 2 കോടി രൂപ കിട്ടിയേക്കാം. ഇത് കിഫ്ബി വഴി നമ്മുടെ പല സ്‌കൂളുകളിലും ചെലവഴിച്ച തുകയുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്ര ചെറുതാണെന്നു മനസിലാക്കാന്‍ പ്രയാസമില്ല. ഇത് കിട്ടിയില്ലെങ്കില്‍ കേരളത്തില്‍ വലിയ പ്രശ്‌നമൊന്നും ഉണ്ടാകില്ല. പക്ഷേ, പിഎം ശ്രീയില്‍ ഒപ്പുവച്ചില്ലെങ്കില്‍ സര്‍വ്വശിക്ഷാ അഭിയാന്റെ പണം നല്‍കില്ലായെന്ന് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. 

2023-24-ല്‍ കേരളത്തിന് 1031 കോടി രൂപ എസ്എസ്എയില്‍ നിന്നും ലഭിച്ചു. എന്നാല്‍ 2024-25 പിഎം ശ്രീയില്‍ ഒപ്പുവച്ചില്ലായെന്നു പറഞ്ഞ് നമുക്ക് ഒരു പണവും അനുവദിച്ചില്ല. 37,000-38,000 കോടി രൂപ എസ്എസ്എ ഫണ്ട് ഉള്ളപ്പോള്‍ കേരളത്തിന്റെ വിഹിതം 0.8-2.5 ശതമാനം മാത്രമാണെന്നും ഈ സന്ദര്‍ഭത്തില്‍ പറയേണ്ടതുണ്ട്. എന്നിരുന്നാല്‍ തന്നെയും അടുത്ത അഞ്ച് വര്‍ഷത്തെ എസ്എസ്എ ഫണ്ട് നഷ്ടപ്പെട്ടാല്‍ ഏതാണ്ട് 5000 കോടി രൂപ നമുക്ക് നഷ്ടപ്പെടും. അഞ്ച് വര്‍ഷത്തേക്കാണല്ലോ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത്.

ഇത്രയും ഭീമമായ തുക വേണ്ടെന്നുവയ്ക്കാന്‍ പറ്റിയ സാമ്പത്തിക സ്ഥിതിയിലാണോ കേരളം? ഇപ്പോള്‍ എസ്എസ്എയില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് അധ്യാപകരുടെ ഭാവി എന്താകും? ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സേവനങ്ങള്‍ വേണ്ടെന്നുവച്ചാല്‍ നമ്മുടെ വിദ്യാഭ്യാസത്തെ അത് എങ്ങനെ ബാധിക്കും?

ഇത്തരത്തില്‍ സംസ്ഥാനങ്ങളെ വരുതിയിലാക്കുന്നതിന് കീഴോട്ടുള്ള ധനവിന്യാസത്തെ ഉപയോഗപ്പെടുത്തുന്നത് ഭരണഘടനയില്‍ വിഭാവനം ചെയ്യാത്ത ഒരു കാര്യമാണ്. കേന്ദ്ര ബിജെപി സര്‍ക്കാര്‍ എല്ലാവിധ കീഴ്വഴക്കങ്ങളും ഫെഡറല്‍ തത്വങ്ങളും തള്ളിക്കളഞ്ഞുകൊണ്ട് പ്രതിപക്ഷ സംസ്ഥാനങ്ങളെ ഞെരുക്കിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ കേന്ദ്രം കേരളത്തിന് അനുവദിക്കുന്ന തുകയില്‍ ഒരു വര്‍ദ്ധനവ് ഉണ്ടായിട്ടില്ലായെന്നു മാത്രമല്ല, 25 ശതമാനം കുറവാണ് ഉണ്ടായിട്ടുള്ളത്. 

ഇതിനെയൊക്കെ കൈയടിച്ച് അംഗീകരിക്കുന്നവരാണ് ബിജെപിയും കോണ്‍ഗ്രസും. കേരള സര്‍ക്കാര്‍ ഇക്കാര്യം സംബന്ധിച്ച് കേന്ദ്രത്തിനെതിരെ കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ്. കഴിയുന്നരീതിയില്‍ ഈ നയങ്ങളെ തുറന്നുകാണിക്കുന്നുമുണ്ട്. പക്ഷേ, അവയൊക്കെ പൊതുമണ്ഡലത്തില്‍ ചര്‍ച്ചയാക്കുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല. പ്രതിപക്ഷവും മാധ്യമങ്ങളുമാണ് അതിനു കാരണം.

ഈ പശ്ചാത്തലത്തില്‍ പിഎം ശ്രീയില്‍ ഒപ്പുവയ്ക്കുന്നതിന് നമ്മള്‍ നിര്‍ബന്ധിതരാകുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പൂര്‍ണ്ണ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ഒന്നാമത്തേത്, ഓരോ ബ്ലോക്കിലും രണ്ട് വീതം സ്‌കൂളുകളെ പിഎം ശ്രീ സ്‌കൂളുകള്‍ എന്ന് നാമകരണം ചെയ്യേണ്ടിവരും. പിഎം ശ്രീക്കുശേഷം നമ്മുടെ നവോത്ഥാനനായകരുടെ പേര് ആ സ്‌കൂളുകള്‍ക്ക് നല്‍കാന്‍ ഒരു നിയമതടസ്സവുമില്ല.

രണ്ടാമത്തേത്, കേന്ദ്ര സര്‍ക്കാരിന്റെ ബോര്‍ഡിനു കീഴില്‍ വരുന്ന സെല്‍ഫ് ഫിനാന്‍സിംഗ് സ്‌കൂളുകളെ കേന്ദ്രം തെരഞ്ഞെടുക്കുമോ എന്നുള്ളതാണ്. ഇതുവരെ തെരഞ്ഞെടുത്ത 10,000-ത്തോളം സ്‌കൂളുകളില്‍ ഒന്നുപോലും ഇത്തരം സ്‌കൂളുകള്‍ ഇല്ലായെന്നാണ് മനസിലാക്കാനാകുന്നത്. ഇങ്ങനെ എന്തെങ്കിലും നീക്കമുണ്ടായാല്‍ അതിനെതിരെ ശക്തമായി പ്രതിരോധിക്കുകയും വേണം.

മൂന്നാമത്തേത്, ദേശീയ ഫ്രെയിംവര്‍ക്കിലുള്ള കരിക്കുലം സ്വീകരിക്കണമെന്നുള്ളതാണ്. ഇതില്‍ ചില ഒഴിവുകിഴിവുകള്‍ വിദ്യാഭ്യാസ നയത്തിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളിലുമുണ്ട്. അവ ഉപയോഗപ്പെടുത്തണം. ഉദാഹരണത്തിന് പാഠപുസ്തകങ്ങളില്‍ ''ലോക്കല്‍ ഫ്‌ലേവര്‍'' അനുവദനീയമാണ്. ഏകീകൃതമായ ദേശീയ സിലബസ് നിര്‍ബന്ധമാക്കുന്നില്ല. ഈ സ്‌കൂളുകള്‍ കേരളത്തില്‍ അല്ലേ? അവിടെ എന്ത് കുത്തിത്തിരിപ്പ് കേന്ദ്രം സൃഷ്ടിച്ചാലും പഠിപ്പിക്കുന്നവര്‍ നമ്മുടെ അധ്യാപകരാണ്. മേല്‍നോട്ടം വഹിക്കുന്ന പിടിഎ നമ്മുടേതാണ്. അങ്ങനെയൊന്നും സ്‌കൂളുകളെ വിഴുങ്ങാന്‍ ബിജെപിക്കാവില്ല. 

നാലാമത്തേത്, ഹിന്ദി ഭാഷ സംബന്ധിച്ചാണ്. തമിഴ്‌നാട്ടില്‍ ഇതാണ് ഏറ്റവും വലിയ പ്രശ്‌നം. കേരളം എത്രയോ നാളുകളായി സ്‌കൂളുകളില്‍ യുപിതലം മുതല്‍ ഹിന്ദി പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ട് നമുക്ക് അതൊരു വലിയ പ്രശ്‌നമല്ല. 

പിഎം ശ്രീ ഒപ്പുവയ്ക്കുന്നൂവെന്നതുകൊണ്ട് ബിജെപിയുടെ വര്‍ഗീയ വിദ്യാഭ്യാസത്തിനെതിരായ പോരാട്ടത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിനുള്ളിലെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ബദല്‍ നയങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കാന്‍ നമ്മള്‍ ശ്രമിക്കുന്നത് എന്നത് ഭൂപരിഷ്‌കരണം മുതലുള്ള ഏറ്റവും പ്രശസ്തമായ ബദല്‍ പരിഷ്‌കാരങ്ങള്‍ പരിശോധിച്ചാല്‍ തിരിച്ചറിയാനാകും.

facebook twitter