എറണാകുളം കോട്ടുവള്ളിയില്‍ വട്ടിപലിശക്കാരിയായ അയല്‍വാസിയില്‍ നിന്നുണ്ടായ ഭീഷണിയെ തുടര്‍ന്ന് പുഴയില്‍ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. രാവിലെ പറവൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റുമോര്‍ട്ടം. ഇന്നലെ ഉച്ചയോടെയാണ് വീടിന് സമീപത്തെ പുഴയില്‍ ചാടി ആശ ബെന്നി (42) ജീവനൊടുക്കിയത്.
റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും അയല്‍വാസിയുമായ ബിന്ദു, അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. കടം വാങ്ങിയ പത്ത് ലക്ഷം രൂപയ്ക്ക് പകരമായി 30 ലക്ഷത്തോളം രൂപ നല്‍കിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭര്‍ത്താവ് പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ വെച്ച് പോലും ബിന്ദുവില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും ഭീഷണി ഉണ്ടായിട്ടും പൊലീസ് ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്. വൈകുന്നേരം മൂന്ന് മണിക്കാണ് ആശയുടെ സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
ഭീഷണിയെ കുറിച്ച് ആശ ആലുവ റൂറല്‍ എസ്പിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പരാതിക്ക് പിന്നാലെ പറവൂര്‍ പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ പലിശക്കാര്‍ രാത്രി വീണ്ടും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതില്‍ മനം നൊന്താണ് ആശ ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറയുന്നു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ പ്രദീപ്, ഭാര്യ ബിന്ദു എന്നിവര്‍ക്കെതിരെ ആശ എഴുതിയ ആത്മഹത്യ കുറിപ്പും വീട്ടില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. മുതലും പലിശയും തിരിച്ചടച്ചിട്ടും പലിശക്കാര്‍ ഭീഷണി തുടര്‍ന്നുവെന്ന് ആശയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.