
എറണാകുളം പറവൂരിലെ ആശ ബെന്നിയുടെ ആത്മഹത്യയില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പണം പലിശയ്ക്ക് നല്കിയ പ്രദീപ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ആശയെ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. മുതലും പലിശയും തിരിച്ച് നല്‍കിയിട്ടും കൂടുതല്‍ പണം ആവശ്യപ്പെട്ട് പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മരിക്കുന്നതെന്ന് ആശയുടെ ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നു. 2022 മുതലാണ് റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറില്‍ നിന്ന് പലതവണകളിലായി ആശ 10 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയത്. പലിശ ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ തിരിച്ചടച്ചെന്ന് കുടുംബം പറയുന്നു.
എന്നാല്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെ മാനസിക സമ്മര്‍ദ്ദം സഹിക്കാനാകാതെ ദിവസങ്ങള്‍ക്ക് മുന്‍പ് ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഫോണ്‍ മുഖേനയും വീട്ടിലെത്തിയും പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നതോടെ ആശയുടെ കുടുംബം എസ്പി ഓഫീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പറവൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ വച്ചും പൊലീസുകാര്‍ക്ക് മുന്നില്‍ വച്ചും പ്രദീപ് കുമാര്‍ ആശയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയും പ്രദീപ് കുമാറും ഭാര്യയും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെയാണ് ഉച്ചയോടെ വീട്ടില്‍നിന്ന് ഇറങ്ങിയ ആശ പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നല്‍കും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.