റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍

08:15 AM Jan 19, 2025 | Suchithra Sivadas

റഷ്യയില്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ഏജന്റുമാര്‍ അറസ്റ്റില്‍. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂര്‍ തയ്യൂര്‍ സ്വദേശി സിബി എന്നിവരെയാണ് വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. 

എമിഗ്രേഷന്‍ ആക്ട്, മനുഷ്യക്കടത്ത്, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം.

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുത്ത തൃശൂര്‍ സ്വദേശി ബിനില്‍ ബാബു ഉക്രൈന്‍ ഡ്രോണ്‍ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ജനുവരി അഞ്ചിനാണ് ബിനില്‍ കൊല്ലപ്പെടുന്നത്. ആറാം തീയതിയാണ് ബിനിലിന്റെ മൃതദേഹം സുഹൃത്ത് ജെയിന്‍ കാണുന്നത്. തൊട്ടുപിന്നാലെ ഉണ്ടായ ആക്രമണത്തില്‍ ജെയിനും പരിക്കേറ്റിരുന്നു. ഇന്ത്യന്‍ എംബസി അധികൃതരാണ് ബിനിലിന്റെ ഭാര്യ ജോയ്‌സിയെ മരണവിവരം അറിയിച്ചത്. കുട്ടനെല്ലൂര്‍ തോലത്ത് വീട്ടില്‍ ബാബുവിന്റെയും ലൈസയുടെയും മകനാണ് ബിനില്‍. 2024 ഏപ്രില്‍ നാലിനാണ് രണ്ടുപേരും റഷ്യയില്‍ എത്തിയത്. രണ്ട് പേരെയും ഇലക്ട്രീഷ്യന്‍ ജോലിക്കെന്ന് തെറ്റിദ്ധരിപ്പിരിപ്പിച്ചാണ് റഷ്യയില്‍ എത്തിച്ചത്.