കുവൈത്തില്‍ ഫാക്ടറിയിലെ വാട്ടര് ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പ്രവാസികള്ക്ക് ദാരുണാന്ത്യം.കുവൈത്തിലെ മിന അബ്ദുള്ളയില് തിങ്കളാഴ്ച രാവിലെയാണ് സംഭവം. രാസവസ്തുക്കള് ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് മാധ്യമങ്ങള് റിപ്പോര്ട്ട്ചെയ്തു. മരിച്ച മൂന്ന് തൊഴിലാളികളും ഏഷ്യക്കാരാണ്. ഇവരുടെ രാജ്യം ഏതാണെന്ന് അധികൃതര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
തൊഴിലാളികള് രാസവസ്തുക്കള് ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഉയര്ന്ന താപനില മൂലമുണ്ടാകുന്ന ഒരു രാസപ്രവര്ത്തനം മാരകമായ സ്ഫോടനത്തിലേക്ക് നയിച്ചതായി പ്രാഥമിക അന്വേഷണങ്ങള് സൂചിപ്പിക്കുന്നുവെന്ന് സുരക്ഷാ വൃത്തങ്ങള് പറയുന്നു.
അടിയന്തര പോലീസും ആംബുലന്സ് സംഘങ്ങളും ഉടന് സ്ഥലത്തെത്തി. സ്ഥലം പരിശോധിക്കുന്നതിനും വിശദമായ സംഭവ റിപ്പോര്ട്ട് തയ്യാറാക്കുന്നതിനും ഫോറന്സിക് അന്വേഷണ സംഘത്തെ നിയോഗിച്ചു. സ്ഫോടനത്തിന്റെ കൃത്യമായ കാരണവും സുരക്ഷാ ലംഘനങ്ങള് സംഭവത്തിന് കാരണമായോ എന്നും കണ്ടെത്താന് അധികൃതര് അന്വേഷണം തുടരുകയാണ്.