ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാല 2024-25 അധ്യയന വര്‍ഷത്തിലെ പ്ലേസ്‌മെന്റ് സീസണില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചു. 180 പ്രമുഖ സ്ഥാപനങ്ങളില്‍ 550 വിദ്യാര്‍ത്ഥികള്‍ക്കാണ് ജോലി ലഭിച്ചത്. ഇത് സര്‍വകലാശാലയുടെ പ്ലേസ്‌മെന്റ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക ശമ്പള പാക്കേജ് 46 ലക്ഷം രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ഓഫറായ 17.89 ലക്ഷം രൂപയെക്കാള്‍ ഇരട്ടിയിലധികമാണ് ഇത്.
റെക്കോര്‍ഡ് ഓഫര്‍ ലഭിച്ചത് സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസിന്റെ കീഴിലുള്ള എം.ടെക് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പ്രോഗ്രാമില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിക്കാണ്. നേട്ടം സര്‍വകലാശാലയുടെ ടെക്-ഓറിയന്റഡ് പ്രോഗ്രാമുകളുടെ ഉയര്‍ന്ന ഡിമാന്‍ഡിനെ എടുത്തുകാണിക്കുന്നു.
പ്ലേസ്‌മെന്റ് സീസണില്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഡെലോയിറ്റ്, ഓറക്കിള്‍, ടെറാഡാറ്റ, ഇന്റല്‍, പെഗാസിസ്റ്റംസ്, എക്‌സിം ബാങ്ക്, നോവാര്‍ട്ടിസ്, ആക്‌സെഞ്ചര്‍, മൈക്രോണ്‍, ജനറല്‍ ഇലക്ട്രിക് തുടങ്ങിയ ആഗോള, ദേശീയ ഭീമന്മാര്‍ പങ്കെടുത്തു. കൂടാതെ, ശ്രീ പ്രകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്, ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്, അസിം പ്രേംജി ഫൗണ്ടേഷന്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളും സാമൂഹിക മേഖലയിലെ സ്ഥാപനങ്ങളും റിക്രൂട്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടു.
ഐടി, അനലിറ്റിക്‌സ്, ഫിനാന്‍സ്, ഗവേഷണം, വിദ്യാഭ്യാസം, കണ്‍സള്‍ട്ടിംഗ് എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ഓഫറുകള്‍ ലഭിച്ചു. പ്ലേസ്‌മെന്റ് ഗൈഡന്‍സ് ആന്‍ഡ് അഡൈ്വസറി ബ്യൂറോയുടെ ചെയര്‍മാന്‍ ഡോ. ചേതന്‍ ശ്രീവാസ്തവ വിദ്യാര്‍ത്ഥികളുടെ നേട്ടത്തില്‍ അഭിമാനം പങ്കുവെച്ചു. അലുംനി ശൃംഖലകളും ഔട്ട്‌റീച്ച് സംരംഭങ്ങളും വഴി വ്യവസായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് അധികൃതര്‍ വ്യക്തമാക്കി.
2300 ഏക്കറിലധികം വിസ്തൃതമായ കാമ്പസും അത്യാധുനിക സൗകര്യങ്ങളും ഉള്ള ഹൈദരാബാദ് സര്‍വകലാശാല, 5,000ലധികം വിദ്യാര്‍ത്ഥികള്‍ക്കും 400-ലധികം ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും വൈവിധ്യമാര്‍ന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്നു.