തമിഴിലും ചരിത്രം സൃഷ്ടിക്കാൻ മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും'. ചിത്രം തമിഴില്‍ മേയ് ഒമ്പതിന് തമിഴ്‌നാട്ടില്‍ പ്രദര്‍ശനത്തിനെത്തും. റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.
മലയാളത്തിനൊപ്പം 'തുടരും' തെലുങ്കിലും റിലീസ് ചെയ്തിരുന്നു. ഏപ്രില്‍ 25-നാണ് ചിത്രം ആഗോളറിലീസായി എത്തിയത്. ചിത്രം പുറത്തിറങ്ങി മൂന്നുദിവസത്തിനുള്ളില്‍ 50 കോടി കളക്ഷന്‍ പിന്നിട്ടിരുന്നു. ആറുദിവസംകൊണ്ട് 100 കോടി ക്ലബ്ബിലും കയറി.
തെലുങ്കില്‍ ചിത്രത്തിന്റെ രണ്ടാം ട്രെയ്‌ലര്‍ വിതരണക്കാരായ ദീപാ ആര്‍ട്‌സ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പിന്നാലെ, മലയാളത്തിലും സക്‌സസ് ട്രെയ്‌ലര്‍ ഇറങ്ങി. മലയാളത്തിലേയും തെലുങ്കിലേയും വിജയക്കുതിപ്പ് തമിഴിലും തുടരാമെന്ന പ്രതീക്ഷയിലാണ് 'തുടരും' ടീം.
മോഹന്‍ലാല്‍- ശോഭനാ ടീം വീണ്ടും ഒന്നിച്ച 'തുടരും' സംവിധാനംചെയ്തിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയാണ്. ഓപ്പറേഷന്‍ ജാവയ്ക്കും സൗദി വെള്ളക്കയ്ക്കും ശേഷം തരുണിന്റെ മൂന്നാമത്തെ ചിത്രമാണ് 'തുടരും'. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. കെ.ആര്‍. സുനിലിന്റേതാണ് കഥ. സുനിലും തരുണും ചേര്‍ന്ന് തിരക്കഥയൊരുക്കിയിരിക്കുന്നു.