
പത്തനംതിട്ട:മല്ലപ്പള്ളിയിൽ ഫേസ്ബുക്കിൽ പ്രത്യേക ഗ്രൂപ്പിലൂടെ പരിചയപ്പെട്ട് വീട്ടമ്മയിൽനിന്നു ലക്ഷങ്ങൾ തട്ടിയ കോഴിക്കോട് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തു. മാവൂർ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി സി.കെ പ്രജിതാണ് (39) കീഴ്വായ്പ്പൂർ പൊലീസിന്റെ പിടിയിലായത്.
‘തൂവൽ കൊട്ടാരം’ എന്ന പേരിലെ ഫേസ്ബുക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതി, ആനിക്കാട് സ്വദേശിനിയായ 52 കാരിയിൽ നിന്നും പലതവണയായി 6.80 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ഗ്രൂപ്പിന്റെ അഡ്മിൻ ആയ പ്രതി പല ആവശ്യങ്ങൾ പറഞ്ഞും, തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് ഇത്രയും തുക സ്വന്തം അക്കൗണ്ടിലേക്കും ഇയാൾ നൽകിയ മറ്റ് അക്കൗണ്ടുകളിലേക്കും ഗൂഗിൾ പേ വഴി വാങ്ങിയത്.
2023 മേയ് മുതൽ 2024 ഫെബ്രുവരി 28 വരെയുള്ള കാലയളവിൽ പലപ്രാവശ്യമായി യുവാവ് പണം കൈക്കലാക്കി. 2024 നവംബർ 24 നാണ് വീട്ടമ്മ കീഴ്വായ്പ്പൂർ പൊലീസിൽ പരാതി നൽകിയത്. തുടർന്ന്, പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ, ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിഞ്ഞാണ് ഇയാളെ പിടികൂടിയത്. പ്രതിയെ, വീട്ടമ്മയെ വിളച്ചുവരുത്തി തിരിച്ചറിഞ്ഞു. പണം കൈമാറിയത് സംബന്ധിച്ച ബാങ്ക് രേഖകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.